മുഖ്യമന്ത്രിക്കും മുന്‍ ആരോഗ്യമന്ത്രിക്കുമെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷം. 108 ആംബുലന്‍സ് പദ്ധതിയുടെ കരാറിന്‍റെ മറവില്‍ 250 കോടിയോളം രൂപയുടെ കമ്മീഷന്‍ അടിച്ചെന്ന് ആക്ഷേപം. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് 517 കോടിക്ക് കരാര്‍ കൊടുത്തപ്പോള്‍ പുതിയ കരാര്‍ വെറും 293 കോടിക്കെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു. കരാര്‍ രേഖകള്‍ രമേശ് ചെന്നിത്തലയും പുറത്തുവിട്ടു.
കേരളം ഞെട്ടുമെന്ന് ഇന്നലത്തെ മുന്നറിയിപ്പിന് ശേഷം പ്രതിപക്ഷനേതാവ് ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് 108 ആംബുലന്‍സ് കരാറില്‍ അഴിമതിയെന്ന ആരോപണം ഉയര്‍ത്തിയത്. 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനത്തിന് ആദ്യ കരാര്‍ ഏര്‍പ്പെടുത്തിയത് 2019ലാണ്. സെക്കന്തരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് അന്ന് 315 ആംബുലന്‍സ് ഓടിക്കാന്‍ 517 കോടി രൂപയായിരുന്നു കരാര്‍.
അഞ്ച് വര്‍ഷത്തിന് ശേഷം 2024ല്‍ കരാര്‍ പുതുക്കിയപ്പോള്‍ ഇതേ കമ്പനി 335 ആംബുലന്‍സ് ഓടിക്കാന്‍ വാങ്ങിയത് 293 കോടി മാത്രം. അതായത് ആംബുലന്‍സുകളുടെയെണ്ണം കൂടുകയും ഇന്ധനമടക്കം പ്രവര്‍ത്തനച്ചെലവ് വര്‍ധിക്കുകയും ചെയ്തിട്ടും മുന്‍കരാറിനേക്കാള്‍ 224 കോടി കുറവ്. അതുകൊണ്ട് ആദ്യ കരാറില്‍ കൂടിയ തുക ചേര്‍ത്തത് കമ്മീഷനാണെന്നാണ് ആക്ഷേപം.
വി.ഡി.സതീശന് പിന്നാലെയാണ് രമേശ് ചെന്നിത്തലയും രേഖകള്‍ പുറത്തുവിട്ടത്. 250 കോടിയുടെ കമ്മീഷന്‍ മുഖ്യമന്ത്രിയും മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ചേര്‍ന്ന് കൈവശപ്പെടുത്തിയെന്ന ആരോപണം കടുപ്പിക്കുകയും ചെയ്തു.