സപ്ലൈക്കോ ഓണം ഫെയറുകള്‍ക്ക് തുടക്കമായതിന് പിന്നാലെ റേഷന്‍ കടകള്‍ വഴിയുള്ള കിറ്റ് വിതരണവും തുടങ്ങി.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ കിറ്റ് വിതരണത്തിന് തുടക്കം കുറിച്ചു. പതിനാലിന സാധനങ്ങളാണ് അതി ദരിദ്രവിഭാഗം കാര്‍ഡുടമകള്‍ക്കുള്ള ഓണക്കിറ്റിലുള്ളത്. ആറ് ലക്ഷത്തിലേറെ പേര്‍ക്ക് കിറ്റുകള്‍ ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി മനോരമന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങിലാണ് ഓണക്കിറ്റ് വിതരണത്തിന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ തുടക്കം കുറിച്ചത്. പഞ്ചസാര, വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയര്‍ പരിപ്പ്, വന്‍പയര്‍, കശുവണ്ടി, നെയ്യ്, തേയില, പായസം മിക്സ്, സാമ്പാര്‍ പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിങ്ങനെ പതിനാലിനം സാധനങ്ങളാണ് റേഷന്‍ കടകള്‍ മുഖേന വിതരണം ചെയ്യുന്ന കിറ്റിലുള്ളത്. ആറ് ലക്ഷത്തിലേറ വരുന്ന കിറ്റ് വിതരണത്തിനും ഫെയറിനുമുള്ള മുഴുവന്‍ സാധനങ്ങളും സംഭരിച്ചതായി മന്ത്രി ജി.ആര്‍.അനില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
സപ്ലൈക്കോ ജില്ലാ കേന്ദ്രങ്ങള്‍ വഴി റേഷന്‍ കടകളിലേക്ക് കിറ്റുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇന്ന് മുതല്‍ റേഷന്‍ കടകളില്‍ നിന്ന് കിറ്റുകള്‍ വാങ്ങാം. തിരുവോണ നാള്‍ വരെ വിതരണം തുടരും.