കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോണും ലഹരി വസ്തുക്കളും എറിഞ്ഞു കൊടുക്കുന്നതിന് 1000 മുതൽ 2000 രൂപ വരെ കൂലി. ഇന്നലെ പിടിയിലായ പനങ്കാവ് സ്വദേശി അക്ഷയുടെ ഈ മൊഴിയാണ് പൊലീസിനെ ഞെട്ടിപ്പിച്ചിരിക്കുന്നത്. നേരത്തെ പറഞ്ഞു വെച്ചിരിക്കുന്ന ജയിലിനകത്തെ അടയാളങ്ങളിലേക്കാണ് മൊബൈലുകളും ലഹരി മരുന്നുകളും എറിഞ്ഞു നൽകുക എന്നാണ് യുവാവിന്‍റെ മൊഴി.

സെൻട്രൽ ജയിലിനകത്ത് നിന്ന്, ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോണുകൾ, ബീഡി കെട്ടുകൾ, ഇയർ ഫോൺ, പവർ ബാങ്ക്, ചാർജർ തുടങ്ങി പല സാധനങ്ങൾ ഈയിടെ ലഭിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുൻപും ഇതുപോലെ മൊബൈൽ ഫോൺ പിടിച്ചിട്ടുണ്ട്. പക്ഷേ ഇത് ആര് കൊണ്ടുവരുന്നു, ആർക്ക് വേണ്ടി കൊണ്ടുവരുന്നു, ആര് ഉപയോഗിക്കുന്നു എന്നൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഇന്നലെ കണ്ണൂർ സെൻട്രൽ ജയിലിന്‍റെ പരിസരത്ത് വെച്ചാണ് അക്ഷയ് എന്ന യുവാവിനെ സംശയാസ്പദമായി പിടികൂടിയത്. ചോദ്യം ചെയ്യലിലാണ് ഇയാൾ അകത്തേക്ക് മൊബൈൽ ഫോൺ എറിഞ്ഞു കൊടുക്കാൻ വേണ്ടി വന്നതാണെന്ന് ബോധ്യമായത്. ഇയാളില്‍ നിന്നും ബീഡിക്കെട്ടും കണ്ടെത്തി. അത് ജയിലിലേക്ക് എറിഞ്ഞ് കൊടുക്കാന്‍ കൊണ്ടുവന്നതാണെന്ന് യുവാവ് സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ പിന്നിൽ വലിയൊരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട്. അതിൽ ഒരു കണ്ണി മാത്രമാണ് അക്ഷയ്. 

ഇതിന് പിന്നില്‍ രണ്ടു തരം ഗ്രൂപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യ വിഭാഗം ജയിലിനകത്തുള്ള കുറ്റവാളികളുമായി ബന്ധമുള്ളവരാണ്. രണ്ടാമത്തേത് സാധനങ്ങള്‍ എറിഞ്ഞു കൊടുക്കാൻ വേണ്ടി വരുന്ന മറ്റൊരു വിഭാഗം. അവര്‍ക്ക് നേരിട്ട് ജയില്‍ പുള്ളികളുമായി ബന്ധമുണ്ടാവണമെന്നില്ല. 

ഇയാളുടെ കൂടെ മറ്റു രണ്ടുപേര് കൂടി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം സാധനങ്ങള്‍ എറിഞ്ഞുകൊടുക്കാൻ വന്ന സമയത്ത് അവർ ഓടി രക്ഷപ്പെടുകയായിരുന്നു. പാറാവുകാരന്റെ ശ്രദ്ധയിൽ പെട്ടതുകൊണ്ട് മാത്രമാണ് ഇയാളെ പിടികൂടാനായത്.  മറ്റുള്ളവർക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. 

ഇവര്‍ക്ക് വാട്ട്സാപ്പിലൂടെയാണ് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. സാധനം എറിഞ്ഞു കൊടുത്തു കഴിഞ്ഞാൽ 1000 മുതൽ 2000 രൂപ വരെ കിട്ടും.

ഗൂഗിള്‍ പേ വഴിയാണ് പണം ലഭിക്കുന്നത്. സാധനം ആവശ്യമുള്ള കുറ്റവാളികള്‍ ജയിലിനകത്തു നിന്ന് ഒരു സിഗ്നൽ പോലെ ഒരു കല്ലെടുത്ത് പുറത്തേക്ക് എറിയും. അത് കാണുന്നതോടെയാണ് പുറത്തുനിന്ന് സാധനം ജയിലിനുള്ളിലേക്ക് എറിയുന്നത്. 

ENGLISH SUMMARY:

Kannur Central Jail is facing issues with mobile phone smuggling. A racket involving individuals throwing items over the jail walls for a fee has been uncovered, raising concerns about security breaches.