kannur-prison

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോണും ലഹരിയും എറിഞ്ഞു കൊടുക്കുന്നതിന് ആയിരം മുതൽ 2000 രൂപ വരെ കൂലി. ഇന്നലെ പിടിയിലായ പനങ്കാവ് സ്വദേശി അക്ഷയിയുടെ മൊഴിയാണ് പൊലീസിനെ ഞെട്ടിപ്പിച്ചത്. നേരത്തെ പറഞ്ഞു തരുന്ന ജയിലിനകത്തെ അടയാളങ്ങളിലേക്കാണ് മൊബൈലും ലഹരി മരുന്നുകളും എറിഞ്ഞ് നൽകുക എന്നാണ് യുവാവിന്റെ മൊഴി. 

പുതിയതെരു പനങ്കാവ് സ്വദേശി അക്ഷയ് കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിലിനു മുകളിലൂടെ മൊബൈൽ ഫോണും ബീഡികെട്ടുകളും എറിഞ്ഞു നൽകാൻ ശ്രമിക്കുന്നതിനിടെ ഇന്നലെയാണ് സുരക്ഷാ ഉദ്യോഗസ്ഥന്റെ പിടിയിലായത്. കൂടെ ഉണ്ടായിരുന്ന രണ്ടു പേർ ഓടിരക്ഷപ്പെട്ടിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് കണ്ണൂർ ടൗൺ പൊലീസിനോട് തന്റെ പിന്നിലുള്ള റാക്കറ്റിനെ കുറിച്ച് അക്ഷയ് മൊഴി നൽകിയത്. വാട്സ്ആപ്പ് വഴിയാണ് നിർദ്ദേശങ്ങൾ ലഭിക്കുക. സാധനങ്ങൾ എറിഞ്ഞു നൽകാൻ ആഴ്ചയിൽ ഒരു ദിവസം തിരഞ്ഞെടുക്കും. ആർക്കാണ് എറിഞ്ഞു നിൽക്കുന്നത് എന്ന് അറിയാനാവില്ല. 

നിർദ്ദേശം നൽകുന്നവർക്ക് മാത്രമേ അതറിയുകയുള്ളൂ. മതിലിന് മുകളിലൂടെ കാണുന്ന അടയാളം നേരത്തെ പറഞ്ഞു തരും. അങ്ങോട്ടാണ് പൊതിക്കെട്ട് എറിയേണ്ടത്. ശ്രമം വിജയിച്ചാൽ ഗൂഗിൾ പേ വഴി പണം ലഭിക്കും. സംഘത്തിൽ രണ്ട് ഗ്രൂപ്പുകൾ ഉണ്ട്. ഒന്ന് തടവുകാരുമായി നേരിട്ട് ബന്ധമുള്ളവർ . രണ്ട് ജയിലിനുള്ളിലേക്ക് സാധനങ്ങൾ എറിഞ്ഞു കൊടുക്കുന്നവർ. 

വലിയ സംഘത്തിലെ ഒരു കണ്ണി മാത്രമാണ് അക്ഷയ് എന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ മൊഴി കേന്ദ്രീകരിച്ച് രക്ഷപ്പെട്ട രണ്ടുപേരെ പിടികൂടാൻ ശ്രമം തുടരുകയാണ്. അക്ഷയിയെ  റിമാൻഡ് ചെയ്തു. ഗോവിന്ദച്ചാമിയുടെ തടവുചാട്ടത്തിനുശേഷം ജയിൽ സുരക്ഷ കൂട്ടിയിട്ടുണ്ട്. ഇതാണ് പ്രതികളുടെ ശ്രമത്തിനു തിരിച്ചടിയാകാൻ കാരണം . 

ENGLISH SUMMARY:

Kerala jail smuggling focuses on the illegal activities happening inside Kerala jails. This includes incidents of phone and drug smuggling, highlighting the security concerns and potential criminal activities within the prison system.