ഓണത്തിന് മുന്നോടിയായി സംസ്ഥാനത്തെ 24.7 ലക്ഷം കുട്ടികൾക്ക് നാല് കിലോ അരി വീതം സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കമായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വെറുമൊരു ഔദാര്യമല്ല, മറിച്ച് നമ്മുടെ കുട്ടികളുടെ അവകാശമാണ് മികച്ച വിദ്യാഭ്യാസം പോലെതന്നെ പോഷകസമൃദ്ധമായ ഭക്ഷണമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ജീവിക്കാനുള്ള അവകാശത്തിൽ ഭക്ഷണം ഒരു മൗലികാവകാശമാണെന്ന് ഭരണഘടനയും അടിവരയിടുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച ഉറപ്പാക്കുക എന്നത് നമ്മുടെയെല്ലാം കടമയാണ്.
സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണം ഇതാ പടിവാതിൽക്കലെത്തി. ഈ അരി വിതരണം ഓരോ കുട്ടിയ്ക്കും സമൂഹത്തിൽ ലഭിക്കേണ്ട പരിഗണനയുടെ പ്രതീകം കൂടിയാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് മന്ത്രി ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത്.