ഭിന്നശേഷിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ രാജ്യവ്യാപകമായി ക്യത്യമായി ലഭിക്കാന്‍ ഒരു രാജ്യം ഒരു കാര്‍ഡ് എന്ന ആവശ്യം പ്രധാനമന്ത്രിക്ക് മുന്നില്‍ വച്ച് മലയാളി യുവാവ്. പൊന്നാനി ആലംകോട് സ്വദേശി ഫിറോസ് കെ വിയാണ് ആവശ്യം ഉന്നയിച്ചത്. ഭിന്നശേഷിക്കാർക്കായി ഇത്തരമൊരു സംവിധാനം കൊണ്ടുവരാത്തിടത്തോളം ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനം തുടരുകയാണെന്നും ഫിറോസ് ആരോപിക്കുന്നു.
അസ്ഥി സംബന്ധമായ വൈകല്യമാണ് ഫിറോസ് കെ വി ക്ക് . യാത്രക്കും മുന്നോട്ട് പോക്കുനുമെല്ലാം ബുദ്ധി മുട്ടുന്നു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനായി നിയമമുണ്ടെങ്കിലും കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് ഫിറോസ് കെ വി ആരോപിക്കുന്നു. നിലവില്‍ സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്കായി നിരവധി കാര്‍ഡുകള്‍ അനുവദിക്കുന്നുണ്ട്. ഓരോ സംസ്ഥാനത്തും ആനുകൂല്യങ്ങളില്‍ വ്യത്യാസവുമുണ്ട്. ഇതെല്ലാം ഏകീകരിച്ച് ഒറ്റ കാര്‍ഡ് എന്നതാണ് ഫിറോസിന്റെ ആവശ്യം.
ഒറ്റ കാര്‍ഡും രാജ്യത്ത് ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള നിയമവും കൃത്യമായി മുന്നോട്ട് കൊണ്ട് പോകാനായാല്‍ നിലവില്‍ അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ ഭൂരിഭാഗവുംപരിഹരിക്കപ്പെടുമെന്നാണ് ഫിറോസ് പറയുന്നത്. ഇക്കാര്യങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിനെയും സാമൂഹ്യനിതി മന്ത്രാലയത്തെയും സമീപിച്ചത്. അനുകൂല പ്രതികരണമാണ് ഇക്കാര്യത്തില്‍ ലഭിച്ചിട്ടുള്ളത്. തുടര്‍ നടപടിക്കായി കാത്തിരിക്കുകയാണ് ഫിറോസ്.