മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തിക ദുർബലവിഭാഗങ്ങൾക്കുള്ള ഇ.ഡബ്ല്യു.എസ് സംവരണത്തിനെതിരായ പ്രസ്താവനയിൽ കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാമിനെതിരെ സിറോ മലബാർ സഭ. ബൽറാമിന്‍റെ പ്രസ്താവന വാസ്തവവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് സിറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മിഷൻ ആരോപിച്ചു.
സംസ്ഥാനത്തെ പ്രധാന ന്യൂനപക്ഷങ്ങളായ മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുടെ സംവരണ സാഹചര്യങ്ങൾ തമ്മിൽ വലിയ അന്തരമാണുളളത്. ക്രൈസ്തവരിലെ നല്ലൊരുവിഭാഗവും ജാതിസംവരണത്തിനു പുറത്തായിരിക്കുമ്പോൾ മുസ്‌ലിം മതവിഭാഗത്തിലെ എല്ലാവർക്കും തന്നെ സംവരണം ലഭിക്കുന്നുണ്ടെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ ഇ.ഡബ്ല്യു.എസ് സംവരണത്തിലൂടെ മുന്നാക്ക വിഭാഗത്തിലെ വിദ്യാർഥികൾ എംബിബിഎസ് സീറ്റുകൾ അനർഹമായി നേടിയെന്നായിരുന്നു ബൽറാമിന്റെ പ്രസ്താവന.