darshitha-death

TOPICS COVERED

കണ്ണൂര്‍ കല്യാട് വീട്ടില്‍ നിന്നും സ്വര്‍ണവുമായി കടന്നുകളഞ്ഞെന്ന് സംശയിക്കുന്ന മരുമകള്‍ ദര്‍ഷിതയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയത് അതിക്രൂരമായി. കഴിഞ്ഞദിവസം 30 പവനും നാലുലക്ഷം രൂപയും നഷ്ടമായ വീട്ടിലെ മരുമകളെ കർണാടക സാലിഗ്രാമിലെ ലോഡ്ജിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദർഷിതയാണ് (22) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കർണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. 

ലോഡ്ജിൽവച്ചു ദർഷിതയും സിദ്ധരാജുവും തമ്മിൽ വാക്കേറ്റമുണ്ടായതായും സിദ്ധരാജു, ദർഷിതയുടെ വായിൽ ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി ഷോക്കേൽപിച്ചു കൊലപ്പെടുത്തിയതായും പൊലീസ് പറയുന്നു. മുഖമുള്‍പ്പെടെ വികൃതമായ അവസ്ഥയിലായിരുന്നു. ഇടിച്ചുനശിപ്പിച്ച രീതിയിലാണ് ദര്‍ഷിതയുടെ മൃതദേഹം കണ്ടിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കല്യാട്ടെ വീട്ടിൽ നിന്നും 30 പവൻ സ്വർണവും നാലുലക്ഷം രൂപയും കവർച്ച പോയത്. 

darshu-kalyat

വീട്ടിലേക്ക് പുറത്തുനിന്നാരും അതിക്രമിച്ചു കടന്നതിന്റെ ലക്ഷണങ്ങളൊന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നില്ല. കര്‍ണാടകയിലേക്ക് പോയ ദര്‍ഷിതയെ പൊലീസ് പലതവണ വിളിച്ചിട്ടും ബന്ധപ്പെടാനായിരുന്നില്ല. ദര്‍ഷിതയുടെമേല്‍ സംശയം കൂടിവന്ന സാഹചര്യത്തിലാണ് യുവതി കൊല്ലപ്പെട്ട വിവരം കര്‍ണാടക പൊലീസ് ഇരിട്ടി പൊലീസിനെ അറിയിക്കുന്നത്.  

വീട്ടുടമ സുമതി മരണ ചടങ്ങിലും, ഇളയ മകൻ സൂരജ് ജോലിക്കും, മരുമകൾ ദർഷിത കുട്ടിക്കൊപ്പം കർണാടകയിലെ സ്വന്തം വീട്ടിലേക്കും പോയപ്പോഴായിരുന്നു മോഷണം. യുവതി തന്നെയാകാം സ്വർണം കവർന്നതെന്നാണ് നിഗമനം. കുട്ടിയെ കർണാടകയിലെ സ്വന്തം വീട്ടിലാക്കിയ ശേഷമാണ് യുവതി ലോഡ്ജിലേക്ക് പോയത്. 

മുറിയെടുത്ത ശേഷം ഭക്ഷണം വാങ്ങാൻ പോയി മടങ്ങി വന്നപ്പോൾ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ആൺ സുഹൃത്തിന്റെ മൊഴി. യുവതിയുടെ ഭർത്താവ് സുഭാഷ് വിദേശത്ത് ജോലി ചെയ്യുകയാണ്. കണ്ണൂരിലെ ഭർതൃവീട്ടിലാണ് യുവതി താമസിച്ചിരുന്നത്. 

ENGLISH SUMMARY:

Kannur Murder Case: A woman was brutally murdered by her male friend in a Karnataka lodge after allegedly stealing gold and money from her husband's house in Kannur. Police have arrested the suspect and are investigating the circumstances surrounding the death.