ഓണക്കാലത്ത് പച്ചക്കറി വില മലയാളിക്ക് താങ്ങാനാവുമോ. പൊള്ളുമെന്ന പതിവിന് ഇത്തവണയും മാറ്റമുണ്ടാകില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. കഴിഞ്ഞയാഴ്ചത്തെക്കാള്‍ മൂന്ന് രൂപ മുതല്‍ പന്ത്രണ്ട് രൂപ വരെയാണ് കിലോഗ്രാമിന് പച്ചക്കറിവില ഉയര്‍ന്നത്.
കാണം വില്‍ക്കാതെ ഓണമുണ്ണാനാവുമോ. ചിങ്ങം പിറന്നാല്‍ മലയാളിയുടെ മനസിലുയരുന്ന പതിവ് സംശയങ്ങളാണ്. കുതിപ്പില്ലെങ്കിലും ഓണത്തോട് അടുക്കുമ്പോള്‍ പച്ചക്കറി വില സൂചിക നേരിയ തോതില്‍ ഉയരുന്നുവെന്നാണ് വിപണി സൂചിപ്പിക്കുന്നത്. മൂന്ന് രൂപ മുതല്‍ പന്ത്രണ്ട് രൂപ വരെയാണ് കഴിഞ്ഞയാഴ്ചയെക്കാള്‍ വില കൂടിയിട്ടുള്ളത്. ഈരീതി തുടര്‍ന്നാല്‍ ഓണക്കാലം അടുക്കുമ്പോള്‍ വില തൊട്ടാല്‍ പൊള്ളുന്നതാവും. ഇഞ്ചിക്ക് നൂറ് കടന്നു. തൊണ്ടന്‍മുളക് തൊണ്ണൂറും ബീന്‍സ് എണ്‍പതും പിന്നിട്ടു.
കാരറ്റും, പാവയ്ക്കയും, വഴുതനയും അറുപത്, ബീറ്റ്റൂട്ട്, തക്കാളി അന്‍പത്, പച്ചമുളക് അന്‍പത്തി അഞ്ച്. ഉരുളക്കിഴങ്ങും സവാളയും മുപ്പതിലാണ്. ചെറിയ ഉള്ളി വില അറുപതാണ്. വെളുത്തുള്ളിക്ക് വലിയ പവറാണ് 160 രൂപയാണ് കിലോയ്ക്ക്. കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച് കാര്യമായി വില ഉയര്‍ന്നിട്ടില്ലെന്നും ന്യായമായ വിലയില്‍ പച്ചക്കറി വാങ്ങാന്‍ കഴിയുമെന്ന് കച്ചവടക്കാര്‍.
നിലവില്‍ കുതിപ്പില്ലെങ്കിലും അടുത്തദിവസങ്ങളില്‍ വില ഉയര്‍ന്നേക്കാമെന്ന സംശയം വാങ്ങാനെത്തുന്നവര്‍ക്കമുണ്ട്. ഹോര്‍ട്ടിക്കോര്‍പ്പിന്‍റെ പച്ചക്കറിച്ചന്തകള്‍ ഈയാഴ്ച തുടങ്ങും. ഇതോടെ വില ഉയരാതെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്‍റെ കണക്ക് കൂട്ടല്‍.