എമ്പുരാന്‍ സിനിമ ഇറങ്ങിയിട്ട് അഞ്ച് മാസമായി. ഈയടുത്ത് ഇത്രയധികം വിമര്‍ശനവും പ്രശംസയും വിവാദവും ഒരുമിച്ച് വാങ്ങിയ മറ്റൊരു സിനിമ ഇല്ല എന്ന് തന്നെ പറയാം. ഗുജറാത്ത് കലാപത്തിന്‍റെ ഭാഗങ്ങള്‍ സിനിമയില്‍ കാണിച്ചതായിരുന്നു തീവ്ര ഹിന്ദുത്വ ശക്തികളെയും ബിജെപി സര്‍ക്കാരിനെയും പ്രധാനമായും ചൊടിപ്പിച്ചത്. പിന്നാലെ മാപ്പുമായി മോഹന്‍ലാല്‍ രംഗത്തുവന്നിരുന്നു. ആദ്യം സിനിമയെ പ്രശംസിച്ചും പിന്നീട് സിനിമയെ വിമര്‍ശിച്ചുമായിരുന്നു സംവിധായകനും ബിജെപി നേതാവുമായ മേജര്‍ രവിയുടെ പ്രതികരണം. മോഹന്‍ലാല്‍ സിനിമ കണ്ടിട്ടില്ലെന്നും മാപ്പെഴുതിത്തന്ന കത്ത് തന്‍റെ കയ്യിലുണ്ടെന്നും മേജര്‍ രവി അന്ന് വാദിച്ചിരുന്നു. ‌

പിന്നാലെ മേജര്‍ രവിക്കെതിരെ വിമര്‍ശനവുമായി മല്ലിക സുകുമാരനും അന്ന് രംഗത്തെത്തി. മേജര്‍ രവിക്ക് എന്താണ് മോഹന്‍ലാലിന്‍റെ കയ്യില്‍ നിന്നും കിട്ടാനുള്ളതെന്ന് അറിയില്ലെന്നും എന്തെങ്കിലും കാര്യം കാണുമെന്നും അവര്‍ മനോരമ ന്യൂസിനോട് പറയുകയുണ്ടായി. പടം കണ്ടിറങ്ങിയ ഉടനെ ' അയ്യോ ഇത് ഹിസ്റ്ററിയാകും മോനേ... ചരിത്ര നേട്ടമാണിത് എന്നൊക്കെ പറഞ്ഞ് ഞങ്ങളെയൊക്കെ കെട്ടിപ്പിടിച്ച്, എന്‍റെ പൊന്നു ചേച്ചീ, അമ്മേ എന്നൊക്കെ പറഞ്ഞ് പോയ ആള് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് ചതിച്ചെന്ന് പറയണമെങ്കില്‍ ഇത്രയുമേയുള്ളോ ഇവരുടെയൊക്കെ വാക്കിന്‍റെ വില? ഇവരൊക്കെയാണോ ദേശം നോക്കുന്ന കമാന്‍ഡോസ്? ഇത് ദേശ സ്നേഹം കൊണ്ടല്ല, വ്യക്തി സ്നേഹം കൊണ്ടാണ് പൃഥ്വിരാജിനെ ചീത്ത വിളിച്ചത്’ എന്നായിരുന്നു മല്ലിക സുകുമാരന്‍റെ പ്രതികരണം.  

ഇപ്പോളിതാ മല്ലികാ സുകുമാരന് മറുപടിയുമായി മേജര്‍ രവിയും രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് വളരെ ബഹുമാനമുള്ളയാളാണ് മല്ലിക സുകുമാരനെന്നും ഫാക്ടുകള്‍ മനസിലാക്കണമെന്നും മേജര്‍ രവി പറയുന്നു. താന്‍ ചാടി ചാടി പാര്‍ട്ടി മാറുന്നുവെന്ന് പറയുന്നത് അസംബന്ധമാണ്. തനിക്ക് ഒരു തന്തയാണ്. ഏതെങ്കിലുമൊരു പാര്‍ട്ടിയില്‍ താന്‍ മെമ്പറാണെന്ന് അവര്‍ തെളിയിക്കുകയാണെങ്കില്‍ താന്‍ അത് കേള്‍ക്കും. 

തന്നെ കോണ്‍ഗ്രസുകാര്‍ പലയിടത്തും വച്ച് ആദരിച്ചിട്ടുണ്ട് എന്നാല്‍ താന്‍ അന്ന് കോണ്‍ഗ്രസായി എന്ന് പറയുന്നത് വിവരദോഷമാണ്. പട്ടാളക്കാരന്‍റെ രാജ്യസ്നേഹം അളക്കാന്‍ മല്ലികാ സുകുമാരന്‍ ആയിട്ടില്ല. എമ്പുരാന്‍ അത്രയും വര്‍ഗവിദ്വേഷമുണ്ടാക്കുന്ന സിനിമയാണ്. മോഹന്‍ലാല്‍ എമ്പുരാന്‍ കണ്ടിട്ടില്ല. മല്ലികാ സുകുമാരന്‍ ഇനി തന്നെക്കുറിച്ച് എന്തെങ്കിലും പറയുകയാണെങ്കില്‍ തന്നോട് പ്രതികരിക്കാന്‍ പറയരുത് എന്നും മേജര്‍ രവി പറഞ്ഞു. ന്യൂസ് 18നുമായി നടത്തിയ അഭിമുഖത്തിലായിരുന്നു മേജര്‍ രവിയുടെ പ്രതികരണം.

ENGLISH SUMMARY:

The movie Empuraan, released five months ago, has been at the center of a storm of criticism, praise, and controversy. Its depiction of the Gujarat riots particularly angered pro-Hindutva groups and the BJP government, prompting actor Mohanlal to issue a public apology. Director and BJP leader Major Ravi initially praised the film but later criticized it, claiming that Mohanlal had not even seen the movie and that he had a letter of apology from the actor. At the time, actress Mallika Sukumaran publicly criticized Major Ravi's sudden change in stance, suggesting his actions were driven by personal vendetta, not patriotism. She questioned the value of his words, noting he had initially praised the film as a "historic achievement" but later accused Prithviraj Sukumaran of betrayal. In a recent interview with News18, Major Ravi responded to Mallika Sukumaran's comments. He stated that while he respects her, she needs to understand the facts. He dismissed her claims that he frequently changes parties, asserting, "I have one father." He challenged her to prove his membership in any political party. Major Ravi added that Mallika Sukumaran is not in a position to measure a soldier's patriotism and reiterated that Empuraan is a film that incites class hatred and that Mohanlal has not seen it.