talk-to-mammootty

TOPICS COVERED

ലഹരിമരുന്നുപയോഗം, കച്ചവടം എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ഫോണിലൂടെ കൈമാറാന്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ രൂപം നല്‍കിയ പദ്ധതിയാണ് 'ടോക് ടു മമ്മൂക്ക'. ആഭ്യന്തരവകുപ്പിന്‍റെ പിന്തുണയോടെ ആ പദ്ധതി കൂടുതൽ വിപുലമാകുകയാണ്. പദ്ധതിക്ക് പിന്തുണ പ്രഖ്യാപിക്കാൻ ഡിജിപി റാവുഡ ചന്ദ്രശേഖർ തന്നെ നേരിട്ടെത്തി. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡിജിപി തന്നെ തത്സമയ പരാതി പരിഹാരത്തിന് തുടക്കമിട്ടു. കോഴിക്കോട് നടുവണ്ണൂരിൽ നിന്നുള്ള പരാതിയാണ് ഡിജിപി സ്വീകരിച്ചത്. ചികിത്സയ്ക്ക് ശേഷം ചെന്നൈയിൽ വിശ്രമിക്കുന്ന മമ്മൂട്ടി ഫോണിലൂടെ ചടങ്ങിന്‍റെ ഭാഗമായി. പദ്ധതിക്ക് പിന്തുണ നൽകുന്നതിന് സർക്കാരിനും ആഭ്യന്തരവകുപ്പിനുമുള്ള നന്ദി അദ്ദേഹം ഡിജിപിയെ അറിയിച്ചു. എന്നാല്‍ ഡിജിപിയുടെ മറുപടി ഇങ്ങനെ 'ഞങ്ങളാണ് താങ്കളോട് നന്ദി പറയേണ്ടത്, സമൂഹത്തിനുവേണ്ടി ഇത്തരമൊരു പദ്ധതി തുടങ്ങിയതിന്'.

6238877369 എന്ന നമ്പരിലേക്ക് വിളിച്ച് ലഹരിമരുന്ന് ഉപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാം. കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഇത് പോലീസിനും എക്സൈസിനും കൈമാറും. പരാതികൾ അറിയിക്കാൻ മേൽപ്പറഞ്ഞ ഫോൺ നമ്പരിലേക്ക് വിളിക്കുമ്പോൾ മമ്മൂട്ടി സ്വന്തം ശബ്ദത്തിലാണ് സ്വാഗതം ചെയ്യുന്നത്. മമ്മൂട്ടിയുടെ പ്രിയപ്പെട്ട നമ്പർ ആയ 369-ൽ അവസാനിക്കുന്നതാണ് 'ടോക് ടു മമ്മൂക്ക' സംരംഭത്തിന്റെ നമ്പർ എന്ന പ്രത്യേകതയുമുണ്ട്. 'ടോക് ടു മമ്മൂക്ക'യിലേക്ക് ലഭിക്കുന്ന വിവരങ്ങളും പരാതികളും സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകി സർക്കാർ ഉത്തരവും പുറത്തിറക്കി. 

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള സാമൂഹികസേവന പ്രസ്ഥാനമായ കെയർ ആന്റ് ഷെയർ ഇന്റർനാഷണലാണ് 'ടോക് ടു മമ്മുക്ക'യ്ക്ക് മേൽനോട്ടം വഹിക്കുന്നത്. ലഹരിയുടെ പിടിയിലായവർക്ക് കൗൺസിലിങ് ആവശ്യമെങ്കിൽ ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ച് അതിനുള്ള സൗകര്യം ഒരുക്കി നൽകും. രാജഗിരി ആശുപത്രിയുടെ ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെ മുഴുവൻ സമയ സേവനവും സൗജന്യമായി ലഭിക്കും. രാജഗിരി സൈക്യാട്രി വിഭാഗത്തിലെ ഡോ. വിനീത് മോഹൻ, ഡോ.ഗാർഗി പുഷ്പലാൽ, ഡോ.അർജുൻ ബലറാം, ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരായ ദിവ്യ കെ തോമസ്, അമൃത മോഹൻ എന്നിവരാണ് സംഘത്തിലുളളത്.

ലഹരിമരുന്നിനെതിരായ പോരാട്ടത്തിന് പോലീസിന് ശക്തിപകരേണ്ടത് സമൂഹമാണെന്ന് ഡിജിപി വ്യക്തമാക്കി. ലഹരിമരുന്ന് കടത്തും വിപണനവും ഉപയോഗവുമെല്ലാം അടങ്ങുന്ന പല ഘട്ടങ്ങളിലൂടെയാണ് ലഹരിവ്യാപനം. അത് തടയാൻ സമൂഹത്തിന് വലിയ ഇടപെടലുകൾ നടത്താൻ സാധിക്കും. ലഹരിക്കടത്തുകാരെയും കച്ചവടക്കാർക്കുമെതിരേ പോലീസ് നിയമനടപടികൾ സ്വീകരിക്കും. പക്ഷേ ലഹരിമരുന്നിന് അടിമകളായവർക്ക് കൗൺസിലിങ് പോലുള്ളവ നൽകി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരേണ്ടതുണ്ട്. അത്തരം മാർഗങ്ങൾ കൂടി രാജഗിരി ആശുപത്രിയുമായി ചേർന്ന് ടോക് ടു മമ്മുക്ക പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചുവെന്നത് മാതൃകാപരമാണെന്നും ഡിജിപി ചൂണ്ടിക്കാട്ടി. 

ചടങ്ങിൽ കൊച്ചി സിറ്റിപോലീസ് മുൻ കമ്മീഷണർ വിനോദ് തോമസ്, രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും, സിഇഒയുമായ ഫാ.ജോൺസൺ വാഴപ്പിള്ളി സിഎംഐ, കൊച്ചി സൗത്ത് എ.സി.പി പി.രാജ്കുമാർ, കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ മാനേജിങ് ‍ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർ റോബർട്ട് കുര്യാക്കോസ്,രാജഗിരി ഹെൽത്ത് കെയർ പ്രമോഷൻസ് വൈസ് പ്രസിഡന്റ് ജോസ് പോൾ എന്നിവർ സംസാരിച്ചു.

ENGLISH SUMMARY:

Talk to Mammootty is an initiative by Care and Share Foundation to combat drug abuse in Kerala. This project, supported by the Home Department, allows individuals to report drug-related activities and access counseling services.