ഔഷധ സസ്യമായ ആരോഗ്യപച്ചയെ ലോകത്തിന് പരിചയപ്പെടുത്തിയ കുട്ടിമാത്തന്‍ കാണി അന്തരിച്ചു . തിരുവനന്തപുരം കോട്ടൂര്‍ ഉള്‍വനത്തില്‍ താമസിച്ചിരുന്ന അദ്ദേഹത്തിന് 70 വയസ് ആയിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. കുട്ടിമാത്തന്‍കാണി, ഈച്ചന്‍ കാണി, മല്ലന്‍ കാണി എന്നിവരാണ് അഗസ്ത്യ വനത്തില്‍ കാണപ്പെടുന്ന ആരോഗ്യപച്ചയുടെ ഗുണങ്ങള്‍ പരിചയപ്പെടുത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പട്ടിണിമൂലം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച കുട്ടിമാത്തന്‍ കാണി ചാത്താന്‍ കിഴങ്ങ് എന്ന് ഊരുവാസികള്‍ വിളിക്കുന്ന ചെടിയുടെ ഇലയും കായും എടുത്തു കഴിച്ചു. മരണം പ്രതീക്ഷിച്ച കുട്ടിമാത്തന് പതിവിലേറെ ഉന്മേഷമാണ് അനുഭവപ്പെട്ടത്. വിഷമായി കരുതിയിരുന്ന സസ്യവും കിഴങ്ങും പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ശാസ്ത്രജ്ഞരുടെ ഗവേഷണഫലമായി ലോകപ്പെരുമ നേടുകയായിരുന്നു.