രാജ്യം പുരോഗതിയിലേക്ക് നടന്ന് നീങ്ങിയ വര്‍ഷങ്ങളാണ് മോദി സര്‍ക്കാരിന്‍റെ കീഴില്‍ രാജ്യം കടന്നുപോയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊച്ചിയില്‍ മനോരമന്യൂസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിവാദം, കുടുംബവാഴ്ച, പ്രീണനം എന്നിവ അവസാനിപ്പിച്ചാണ് പുരോഗതിയുടെ യുഗത്തിന് മോദി തുടക്കം കുറിച്ചത്. അഴിമതിയും വലിയ തോതില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വളര്‍ച്ചയെ പിന്നോട്ടടിച്ചു. എന്നാല്‍ അധികാരമേറ്റതിന് പിന്നാലെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനം ലക്ഷ്യമിട്ടുള്ള നയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്കരിച്ചു. മന്‍മോഹന്‍ സിങിന്‍റെ കാലത്ത് പിന്നിലായി കിടന്ന ഇന്ത്യയെ ഇന്ന് ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റി. അടിസ്ഥാന സൗകര്യ വികസനത്തില്‍ തുടങ്ങി രാജ്യത്തെ സമസ്ത മേഖലകളിലും വികസനം കൊണ്ടുവന്നു. ഒട്ടും വൈകാതെ ഭീകരവാദവും നക്സലിസവും രാജ്യത്ത് നിന്നും തുടച്ചുനീക്കപ്പെടുമെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നയങ്ങള്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നുവെന്ന് അമിത് ഷാ പറഞ്ഞു. പ്രത്യേകിച്ചും ജമ്മുകശ്മീര്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി. മോദിയുടെ കാലത്തെ ചരിത്രം സുവര്‍ണാക്ഷരങ്ങളാല്‍ രേഖപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കമ്യൂണിസ്റ്റ് ആശയം കേരളത്തിന്‍റെ വികസനത്തെ പിന്നോട്ടടിച്ചുവെന്ന് പറഞ്ഞ അമിത് ഷാ കേരളത്തിന് അര്‍ഹിക്കുന്ന വളര്‍ച്ച നേടാന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞു. വരുന്ന കാലത്ത് കേരളത്തിലെ ജനഹിതവും വളര്‍ച്ചയ്ക്കായി മാറ്റിവയ്ക്കപ്പെടുമന്നും അമിത് ഷാ പ്രതീക്ഷ പ്രകടിപ്പിച്ചു.
ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കിയാണ് ബിജെപി ഭരിക്കുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി'ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ ബിജെപി അധികാരത്തില്‍ വന്നിട്ടെന്തുണ്ടായി? ന്യൂനപക്ഷങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ല. അവര്‍ സുരക്ഷിതരായി കഴിയുന്നു'. ഭരണഘടനാടിസ്ഥാനത്തിലായിരിക്കും ഭരണം നടത്തുകയെന്ന ഉറപ്പാണ് കേരളത്തിലെ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കാനുള്ളതെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയെ ഒന്നാമതെത്തിക്കാതെ ആര്‍ക്കും വിശ്രമിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.