സമകാലിക ദേശീയ രാഷ്ട്രീയം ഉൾപ്പെടെ ഗൗരവമേറിയ സംവാദങ്ങൾക്ക് വേദി തുറന്ന് മനോരമ ന്യൂസ് കോൺക്ലേവിന് ഇന്ന് കൊച്ചി ബോൾഗാട്ടി ലുലു ഗ്രാൻഡ് ഹയാത്ത് രാജ്യാന്തര കൺവൻഷൻ സെന്ററിൽ തിരിതെളിയും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. കൊച്ചിയിലെത്തിയ അമിത് ഷായെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു എന്നിവർ സ്വീകരിച്ചു. വൈകീട്ട് സമാപനത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് അതിഥി.
ഇന്ത്യ-പേസ് ആൻഡ് പ്രോഗ്രസ് മുഖ്യവിഷയമായ കോൺക്ലേവ്, രാജ്യത്തിന്‍റെ പുരോഗതിയുടെ ദിശയും വേഗവും പ്രതീക്ഷകളും വെല്ലുവിളികളും വിലയിരുത്തും. അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഗൗരവ് ഗൊഗോയ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, പരസ്യചിത്രകാരനും നടനുമായ പ്രകാശ് വർമ, എ.വി.എ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എ.വി.അനൂപ്, മൈജി ഇന്ത്യ ചെയർമാൻ എ.കെ.ഷാജി, ബി.ജെ.പി എം.പി.തേജസ്വി സൂര്യ, കോൺഗ്രസ് ലോക്സഭാംഗം പ്രണീതി ഷിൻഡെ, താരസംഘടനയായ അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റ് ശ്വേത മേനോൻ, എയർ ഇന്ത്യ വൈസ് പ്രസിഡന്റ് വിജു ചാക്കോ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.