അർദ്ധ വസ്ത്രം ധരിച്ചു മന്ത്രിമാർക്കൊപ്പം നിൽക്കുന്ന പരാതിക്കാരുടെ ചിത്രം കണ്ടില്ലേ എന്ന പാലക്കാട് എംപി വികെ ശ്രീകണ്ഠന്റെ പരാമർശനെതിരെ വ്യാപക വിമർശനം. പരാതിക്കാരിയെ അധിക്ഷേപിച്ച നടപടിയിൽ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തി. പരാമർശം വിവാദമായതിനു പിന്നാലെ എം.പി പ്രസ്താവന പിൻവലിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയെ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു എം.പി. രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലെന്നും രാഹുലിന്റെ രാജി പാർട്ടി തീരുമാനമെന്നു പറഞ്ഞു വരുന്നതിനിടെ പരാതികാരിയെ പറ്റി അധിക്ഷേപം പരാമർശത്തിനെതിരെ വ്യാപക രോഷം ഉയർന്നു. പാർട്ടിക്കകത്തു നിന്നു കൂടി കടുത്ത വിമർശനം ഉയർന്നതോടെ മണിക്കൂറുകൾ വ്യത്യാസത്തിൽ തിരുത്തുമായെത്തി. മന്ത്രിമാരോടൊപ്പം നിക്കുന്ന ഫോട്ടോ വന്നില്ലേ എന്നാണ് ചോദിച്ചതെന്നും പരാതി പറയുന്നവരെ അധിഷേപിക്കുന്ന സമീപനം കോൺഗ്രസിനില്ലെന്നും ശ്രീകണ്ഠൻ.
പരാതിക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ നിർവ്യാജം ഖേതം പ്രകടിപ്പിക്കുന്നെന്നും എം.പി പറഞ്ഞു വെച്ചു. രാഹുലിനെതിരെ യുവനടി പരാതി ഉന്നയിച്ചപ്പോഴും പരാതിക്കാരെ വിമർശിക്കാത്ത നിലപാടായിരുന്നു കോൺഗ്രസിന് ഇതുവരെ ഉണ്ടായത്. വി.കെ ശ്രീകണ്ഠന്റെ പ്രസ്താവന അത് മറികടന്നെന്നാണ് വിമർശനം. പ്രസ്താവന സിപിഎം ആയുധമാക്കിയതോടെ ശ്രീകണ്ഠനെ വിമർശിച്ച് കോൺഗ്രസ് നേതാക്കളിൽ ചിലരും രംഗത്തെത്തിയിട്ടുണ്ട്.