തൃശൂർ എറണാകുളം ദേശീയപാതയിൽ അടിപ്പാത നിർമ്മാണം നടക്കുന്ന ആമ്പല്ലൂരിൽ സർവീസ് റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ആമ്പല്ലൂരിൽ ഗതാഗതകുരുക്ക്. പണി നടക്കുന്നിടത്ത് അധികൃതർ ആരുമില്ലെന്നും, തോന്നും പടിയാണ് ടാറിങ് നടക്കുന്നതെന്നും നാട്ടുകാർ.
മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിൽ അടിപ്പാത നിർമ്മാണം കാരണം തകർന്ന സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണികൾ തുടങ്ങി. ഇന്നലെയാണ് കുഴികളും കുരുക്കും കൂടുതലുള്ള ആമ്പല്ലൂരിലെ പണികൾ ആരംഭിച്ചത്. എറണാകുളത്തേക്ക് പോകുന്ന പാതയിലാണ് ഇന്ന് ടാർ ചെയ്യുന്നത്. പണി നടക്കുന്നതിനാൽ ആമ്പല്ലൂരിൽ ചെറിയ ഗതാഗതക്കുരുക്കുണ്ട്. രൂക്ഷമായാൽ വാഹനങ്ങൾ വഴിതിരിച്ചുവിടും. സർവീസ് റോഡിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിയതിൽ ആശ്വാസമായോ എന്ന ചോദ്യത്തിന് പലർക്കും പല മറുപടി.
സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്നാണ് ദേശീയപാതാ അധികൃതർ സർവീസ് റോഡിൻറെ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. വലിയ കുഴികളും നീണ്ട കുരുക്കും അനുഭവപ്പെടാറുള്ള മുരിങ്ങൂർ സർവീസ് റോഡിൻറെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല. നാട്ടുകാരും ജനപ്രതിനിധികളും ഇന്നലെ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥനെ തടഞ്ഞുവെച്ചിരുന്നു. പോലീസ് ഇടപെട്ട് നടത്തിയ ചർച്ചയിൽ ഇന്നലെ രാത്രിയിൽ തന്നെ പണികൾ തുടങ്ങുമെന്ന് ഉറപ്പും നൽകിയിരുന്നു. എന്നാൽ കരാർ കമ്പനിയും ദേശീയപതാ അതോറിറ്റി ഉദ്യോഗസ്ഥരും വാക്കു പാലിച്ചിട്ടില്ല. പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാരും ജനപ്രതിനിധികളും.