രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്കെതിരെ ആരോപണങ്ങളുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്കർ. തന്നോട് ചാറ്റ് ചെയ്തശേഷം രാഹുൽ തന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിച്ചുവെന്ന് അവർ ആരോപിച്ചു. എതിർ രാഷ്ട്രീയത്തിലുള്ളവർ പോലും തന്നോട് സംസാരിക്കാൻ വരുന്നുണ്ടെന്ന് രാഹുൽ അഹങ്കാരത്തോടെ പറഞ്ഞുവെന്നും ഹണി ഭാസ്കർ വ്യക്തമാക്കി. രാഹുൽ ഇരയാക്കിയ ഒരുപാട് സ്ത്രീകളെ തനിക്ക് അറിയാമെന്നും, അവരിൽ വനിതാ കോൺഗ്രസ് പ്രവർത്തകർ പോലും ഉണ്ടെന്നും ഹണി ഭാസ്കർ പറയുന്നു. ഈ വിഷയത്തിൽ നിയമനടപടികൾ ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അവർ, ധൈര്യമുണ്ടെങ്കിൽ രാഹുൽ മാനനഷ്ടക്കേസ് നൽകട്ടെ, നേരിടാൻ തയ്യാറാണെന്ന് വെല്ലുവിളിച്ചു.
നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റും ഹണി ഭാസ്കര്‍ പങ്കുവച്ചിരുന്നു. രാഹുലിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്റില്‍ രാഹുലിനെ വ്യക്തിപരമായി അറിയില്ലെന്നും ജൂണ്‍ മാസം താന്‍ നടത്തിയ ശ്രീലങ്കന്‍ യാത്രയ്ക്കിടെ വിശേഷങ്ങള്‍ ചോദിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചതായും ഹണി ഭാസ്കര്‍ പറയുന്നു. ഫോട്ടോയ്ക്ക് ഹൃദയം അയച്ച് ശ്രീലങ്ക പോവാൻ പ്ലാൻ ഉണ്ട് എന്ന് പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. രാവിലെ നോക്കിയപ്പോളും മെസേജുകളുടെ തുടർച്ച കണ്ടു. ചാറ്റ് നിർത്താൻ ഉദ്ദേശം ഇല്ല എന്ന് മനസിലായപ്പോള്‍ പ്രോത്സാഹിപ്പിച്ചില്ലെന്നും മറുപടി നല്‍കാത്തതിനാല്‍ ആ ചാറ്റ് അവിടെ അവസാനിച്ചുവെന്നും ഹണി പറയുന്നു. ALSO READ: ‘രാഷ്ട്രീയ മാലിന്യം; സൈക്കോകളെ ജനം അറിയണം’; രാഹുല്‍ മാങ്കൂട്ടത്തിലിനെതികെ ഹണി ഭാസ്കര്‍ ...
രാഹുലിന്‍റെ ചൂഷണ ശ്രമങ്ങളെ നേരിട്ട സ്ത്രീകൾ അനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ടിരിക്കെ അന്നത്തെ തന്‍റെ ധാരണ തെറ്റിയില്ലെന്ന് തനിക്ക് ബോധ്യം വന്നന്നെന്നും ഹണി പോസ്റ്റില്‍ പറയുന്നു. എന്നാല്‍ തന്നോട് നടത്തിയ സംഭാഷണത്തിന്‍റെ അറിയാകഥകള്‍ യൂത്ത് കോൺഗ്രസ്സിലെ രാഹുലിന്‍റെ തന്നെ സുഹൃത്തുക്കളില്‍നിന്നും അറിയാന്‍ ഇടയായെന്നും ഹണി പറയുന്നു. രാഹുല്‍ സുഹൃത്തുക്കളോട് പറഞ്ഞത് താൻ അങ്ങോട്ട് വന്നു ചാറ്റ് ചെയ്തു എന്നാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. രാഹുല്‍ പറഞ്ഞതും വിശ്വസിച്ച് മറ്റൊരു കോണ്‍ഗ്രസ് പ്രവർത്തകൻ തന്റെ ഒരു സുഹൃത്തിനോട് ഈ കാര്യം പറഞ്ഞുവെന്നും ആ വ്യക്തി തക്കതായ മറുപടി നല്‍കിയതായും പോസ്റ്റിലുണ്ട്. സ്ത്രീകളോട് അങ്ങോട്ട് പോയി മിണ്ടി, അവരുമായുള്ള സംഭാഷണങ്ങളെ പെർവേർട്ടുകൾക്ക് ഇടയിൽ മോശമായി ചിത്രീകരിച്ച് ആളാകുന്ന സൈക്കോയെ ജനം അറിയേണ്ടതുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.
‘രാഹുൽ മാങ്കൂട്ടം – അനുഭവം’ എന്ന പേരില്‍ പങ്കുവച്ച കുറിപ്പില്‍ രാഹുല്‍ ഒരു രാഷ്ട്രീയ മാലിന്യമാണെന്നും ഹണി ഭാസ്കര്‍ പറയുന്നു. രാഹുലിനോട് ഇടപഴുകിയിട്ടുള്ള പാർട്ടിയിലെ സ്ത്രീകളെ ഓർത്ത് ഭയവും സഹതാപവും തോന്നുന്നു. മറ്റൊരു യൂത്ത് കോണ്ഗ്രസ് പ്രവർത്തക പറഞ്ഞത് യൂത്ത് കോൺഗ്രസിലെ സകല ‘പെർവേർറ്റുകളെ’ കുറിച്ചും വ്യക്തമായ ധാരണ ഷാഫി പറമ്പിലിനുണ്ടെന്നുമാണെന്നും പോസ്റ്റിലുണ്ട്. ഫണ്ട് മുക്കാനും പെൺവിഷയങ്ങൾക്കും വേണ്ടി അല്ലാതെ രാഷ്ട്രീയ പ്രസ്ഥാനത്തോട് ഏതെങ്കിലും രീതിയിൽ ആത്മാർത്ഥത ശേഷിക്കുന്നുണ്ടെങ്കിൾ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുക എന്നതാണ് രാഹുല്‍ ചെയ്യേണ്ടതെന്നും അതാണ് അന്തസെന്ന് പറഞ്ഞുമാണ് പോസ്റ്റ് അവസാനിക്കുന്നത്.