വടക്കന്‍ കേരളത്തില്‍ അമീബിക് മസ്തിഷ്കജ്വരം ഗുരുതരമായി പിടിമുറുക്കുമ്പോഴും വെള്ളത്തില്‍ അമീബയുടെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ കോഴിക്കോട്ടെ ഗവ റീജണല്‍ ലാബില്‍ സംവിധാനമില്ല. തിരുവനന്തപുരത്തെ സ്റ്റേറ്റ് ലാബിലേക്ക് അയച്ച് പത്തുദിവസം കഴിഞ്ഞാണ് ഇപ്പോള്‍ പരിശോധനഫലം വരുന്നത്.
വീട്ടുമുറ്റത്തെ കിണറുകളില്‍പോലും മരണം വിതയ്ക്കുന്ന അമീബയുടെ സാന്നിധ്യം കണ്ടെത്തി കഴിഞ്ഞു. ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ എത്രയും വേഗം ഉറവിടം കണ്ടെത്തി അമീബയുടെ സാന്നിധ്യം ഇല്ലാതാക്കണം. പക്ഷെ വെള്ളത്തിന്റ സാംപിള്‍ ശേഖരിച്ചാലും കോഴിക്കോട്ടെ ഗവ ലാബില്‍ ഇത് പരിശോധിക്കാന്‍ സൗകര്യമില്ല. ആര്‍ടിപിസിആര്‍, ട്രൂനാറ്റ് എന്നിവയിലൂടെ രണ്ടുദിവസത്തിനുള്ളില്‍ ഫലം അറിയാം. ഇതിനായി തിരുവനന്തപുരത്തേക്ക് അയയ്ക്കേണ്ടിവരുന്നതുകാരണം ഒന്നരയാഴ്ചയെടുക്കും ഫലം അറിയാനും തുടര്‍ നടപടികള്‍ കൈക്കൊള്ളാനും.
ഇ.കോളി, കോളി ഫോം ബാക്ടീരിയകളെ കണ്ടെത്താനുള്ള സംവിധാനമേ കോഴിക്കോട്ടെ ലാബിലുള്ളു. ഫണ്ടില്ലാത്തതാണ് ലാബ് നവീകരിക്കാന്‍ തടസമെന്നാണ് വിശദീകരണം .അമിബീക് മസ്തിഷ്ക ജ്വരം ബാധിച്ചുളള മരണനിരക്ക് ആശങ്കപ്പെടുത്തുന്നതാണ്. എന്നിട്ടും ഉറവിടം കണ്ടെത്താനുള്ള സംവിധാനം പോലും മലബാറില്‍ ഒരുക്കാന്‍കഴിയാത്തത് സിസ്റ്റത്തിന്‍റെ പരാജയമാണ്.