വടക്കന്‍ പറവൂരില്‍ വട്ടിപ്പലിശക്കാരായ റിട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെയും ഭാര്യയുടെയും ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശ ബെന്നിയാണ് ഇന്നലെ പുഴയില്‍ ചാടി ജീവനൊടുക്കിയത്.  ഭീഷണിയെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെത്തി. രണ്ട് വര്‍ഷം മുന്‍പ് വാങ്ങിയ പത്ത് ലക്ഷം രൂപ, പലിശ സഹിതം 24 ലക്ഷം രൂപ മടക്കി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണിയെന്ന് കുറിപ്പില്‍ പറയുന്നു. മുതലിന്‍റെ മൂന്നിരട്ടിവരെ മടക്കി നല്‍കിയിട്ടും പ്രദീപ്കുമാറും കുടുംബവും ഭീഷണി തുടര്‍ന്നുവെന്നുമാണ് ആശയുടെ കുടുംബത്തിന്‍റെ ആരോപണം. 

‘വട്ടിപ്പലിശക്കാര്‍ വന്ന് പ്രശ്നമുണ്ടാക്കി, നിങ്ങളെയും മക്കളേയും ജീവിക്കാന്‍ അനുവദിക്കില്ല. പത്തുലക്ഷവും അതിന്റെ ഇരട്ടിയുടെ ഇരട്ടിയും നല്‍കിയിരുന്നു. സ്റ്റേഷനില്‍ നിന്നും വരുന്ന വഴിയാണ് സംഭവമറിഞ്ഞത്, പ്രശ്നമുണ്ടാക്കണ്ടല്ലോയെന്നു കരുതി അല്‍പം കഴിഞ്ഞാണ് വീട്ടിലെത്തിയതെന്നും ആശയുടെ ഭര്‍ത്താവ് പറയുന്നു. 

സ്റ്റേഷനിലും പിന്നീട് വീട്ടിലെത്തിയും ഭീഷണി മുഴക്കുന്നതിന്‍റെ ദൃശ്യങ്ങളും ആശയുടെ കുടുംബം പുറത്തുവിട്ടു.  പൊലീസിലിടക്കം പരാതി നല്‍കിയെങ്കിലും കേസെടുക്കാനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും കുടുംബം ആരോപിക്കുന്നു.  സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കാനാണ് കുടുംബത്തിന്‍റെ തീരുമാനം.  

ENGLISH SUMMARY:

Debt suicide is a tragic consequence of financial exploitation and harassment by lenders. This article discusses a recent incident in Kerala where a woman took her own life due to the immense pressure from a retired police officer and his wife, who were allegedly charging exorbitant interest rates on a loan.