തൃശൂര്‍ - എറണാകുളം ദേശീയപാതയിലെ ഗതാഗതക്കുരുക്കില്‍ പ്രതിഷേധവുമായി സിപിഎം. നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരുടെ വീടുകള്‍ സിപിഎം ഉപരോധിക്കും. ഓഗസ്റ്റ് 21ന് മുന്‍പ് കുരുക്ക് മാറ്റിയില്ലെങ്കിലായിരിക്കും ഉപരോധം.
അതേസമയം, തൃശൂർ എറണാകുളം ദേശീയപാതയിൽ യാത്രക്കാർ നാലുമണിക്കൂറോളമാണ് ഊരാക്കുടുക്കില്‍ കിടന്നത്. അടിപ്പാത നിർമ്മാണം നടക്കുന്ന ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര എന്നീ പ്രദേശങ്ങളിൽ നാലിടങ്ങളിലും രാവിലെ മുതൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഉച്ചയോടു കൂടിയാണ് കുരുക്കിന് ശമനം ഉണ്ടായത്. ആംബുലൻസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ ബ്ലോക്കിൽ അകപ്പെട്ടു. യാത്രക്കാർ ദുരിതത്തിലായി.
കുരുക്കഴിക്കാൻ വാഹനങ്ങൾ വഴിതിരിച്ചുവിട്ടപ്പോൾ മുതൽ ആണ് ബ്ലോക്കിന് അല്പമെങ്കിലും മാറ്റമുണ്ടായത്. മുരിങ്ങൂരിൽ റോഡിലെ കുഴിയിൽ വീണ് ലോറിയുടെ ടയർ പൊട്ടുകയും ചെയ്തു. അങ്കമാലിക്ക് നിറയെ ലോഡും ആയി പോവുകയായിരുന്ന കുന്നംകുളം സ്വദേശി അരുണിന്റെ ലോറിയുടെ ടയാറാണ് പൊട്ടിയത്.
നാഷണൽ ഹൈവേ അതോറിറ്റിക്ക് നാലാഴ്ചത്തെ സമയമാണ് കോടതിയിൽ നിന്ന് ലഭിച്ചിരിക്കുന്നത്. എന്നാൽ അത്ര ദിവസം കൊണ്ട് മൂന്ന് തൊഴിലാളികളും ഒരു ഹിറ്റാച്ചിയും ഉപയോഗിച്ച് എന്തു ചെയ്യാൻ പറ്റും എന്നാണ് പരിഹാസ രൂപേണ നാട്ടുകാർ പറയുന്നത്.