ഗതാഗത യോഗ്യമല്ലാത്ത ഇടപ്പള്ളി മണ്ണുത്തി ദേശിയ പാതയില്‍ എങ്ങനെ ടോള്‍ പിരിക്കാനാകുമെന്ന് ദേശിയ പാത അതോറിറ്റിയോട് സുപ്രീം കോടതി. 12 മണിക്കൂര്‍ നീണ്ട ഗതാഗതകുരുക്ക് ചൂണ്ടിക്കാട്ടിയ കോടതി നിരത്തിലിറങ്ങുന്ന ജനങ്ങളുടെ അവസ്ഥ മനസിലാക്കണമെന്ന് മുന്നറിയിപ്പു നല്‍കി. ഗതാഗത കുരുക്കില്‍കിടക്കുന്നതിന് യാത്രക്കാർക്കാണ് പണം നൽകേണ്ടതെന്നും കോടതി പറഞ്ഞു. കരാര്‍ കമ്പനി ദേശിയ പാത അതോറിറ്റിയെയും അതോറിറ്റി മഴക്കാലത്തെയും പഴിചാരി.
പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജിയില്‍ ദേശിയ പാത അതോറിറ്റിക്ക് വീണ്ടും സുപ്രീം കോടതിയുടെ കനത്ത പ്രഹരം. കഴിഞ്ഞദിവസത്തെ 12 മണിക്കൂര്‍നീണ്ട ഗതാഗതകുരുക്കിന്‍റെ പത്രവാര്‍ത്ത ചൂണ്ടിക്കാട്ടി മലയാളിയായ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനാണ് രൂക്ഷ വിമര്‍ശനത്തിന് തുടക്കമിട്ടത്. റോഡിന്‍റെ അവസ്ഥ പരിതാപകരമാണ്. അതാണ് പ്രധാന പ്രശ്നം. ഒരു അറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് എത്താൻ 12 മണിക്കൂർ എടുക്കുമെങ്കിൽ എന്തിനാണ് 150 രൂപ നൽകേണ്ടതെന്ന് ചീഫ് ജസ്റ്റിസിന്‍റെ ചോദ്യം. ഒരു മണിക്കുറെടുക്കേണ്ട ദൂരത്തിനാണ് 11 മണിക്കൂറിലേറെയെടുക്കുന്നതെന്നും ബി.ആര്‍.ഗവായ്. മണിക്കൂറുകള്‍ ബ്ലോക്കില്‍ കിടക്കുന്നതിന് ദേശീയപാത അതോറിറ്റി യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍റെ പരിഹാസരൂപേണ പറഞ്ഞു.
അണ്ടർപാസുകളുടെ നിർമ്മാണം നടക്കുന്നയിടങ്ങളിലാണ് ഗതാഗതകുരുക്കെന്നും മഴയാണ് നിർമ്മാണത്തെ ബാധിച്ചതെന്നുമായിരുന്നു ദേശിയ പാത അതോറ്റിയുടെ വാദം. മഴ തടയാന്‍ ഉത്തരവിടാനാകില്ലല്ലോ എന്നും മഴ കഴിഞ്ഞതിനുശേഷം ടോള്‍ പിരിച്ചാല്‍ പോരേയെന്നും കോടതി. ഉപകരാറെടുത്ത കമ്പനിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഗതാഗത തടസ്സത്തിന് കാരണമെന്നായിരുന്നു കരാര്‍ കമ്പനി ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്‍റെ വാദം. 10 ദിവസത്തിനുള്ളിൽ 6 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടു. ദേശിയ പാത അതോറിറ്റി കുറച്ചുകൂടി ആസുത്രണം നടത്തണമായിരുന്നുവെന്നും ജനങ്ങളുടെ അവസ്ഥ മനസിലാക്കണമെന്നും ഓര്‍മിപ്പിച്ച ചീഫ് ജസ്റ്റിസ് അപ്പീലുകള്‍ ഉത്തരവ് പറയാന്‍ മാറ്റി.