പൂജപ്പുര സെൻട്രൽ ജയിലിലെ കഫറ്റീരിയയിൽ മോഷണം. നാല് ദിവസത്തെ കളക്ഷൻ തുകയായ നാല് ലക്ഷം രൂപയാണ് മോഷണം പോയത്. ജയിലിന്റെ പ്രധാന ഉൽപ്പന്നങ്ങളായ ചപ്പാത്തി, ചിക്കൻ കറി, പച്ചക്കറി എന്നിവ വിൽക്കുന്ന സ്ഥാപനമാണിത്.
കഫറ്റീരിയയുടെ പിൻവശത്തെ വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ്, ഓഫീസ് മുറിയുടെ താക്കോൽ എടുത്ത് മേശ തുറന്നാണ് പണം കവർന്നത്. മോഷണം നടന്ന സമയമോ മോഷ്ടാക്കളെക്കുറിച്ചോ ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മോഷണം നടന്ന സമയത്ത് സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ലെന്ന് ജയിൽ അധികൃതർ അനൗദ്യോഗികമായി സൂചിപ്പിച്ചു.
അവധി ദിവസങ്ങളായതിനാൽ നാല് ദിവസത്തെ കളക്ഷൻ തുകയാണ് കഫറ്റീരിയയിൽ സൂക്ഷിച്ചിരുന്നത്. ജയിലിനുള്ളിൽ നടന്ന മോഷണത്തിന് പിന്നിൽ അടുത്തിടെ ജയിൽ വിട്ടുപോയ ആരെങ്കിലുമായിരിക്കാമെന്ന് ജയിൽ വകുപ്പ് സംശയിക്കുന്നു. കാരണം, കഫറ്റീരിയയിലെ പണമിടപാടുകൾ, താക്കോൽ സൂക്ഷിക്കുന്ന സ്ഥലം എന്നിവയെക്കുറിച്ച് കൃത്യമായ ധാരണയുള്ളവർക്ക് മാത്രമേ ഇത്രയും വിദഗ്ധമായി മോഷണം നടത്താൻ കഴിയൂ. ജയിൽ ആസ്ഥാനത്തിന് തൊട്ടടുത്തുള്ള സ്ഥാപനത്തിൽ നടന്ന മോഷണം ഗൗരവതരമാണ്.