ജില്ലയിൽ മഴ ശമിച്ചെങ്കിലും, കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെത്തുടർന്ന് എറണാകുളം തേവയ്ക്കൽ, എടത്തല പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ മണ്ണിടിഞ്ഞ് വീടുകൾ അപകടഭീഷണിയിൽ. എടത്തല സർവീസ് സഹകരണ ബാങ്ക് സമുച്ചയത്തിന് സമീപമുള്ള 25 അടിയോളം ഉയരമുള്ള പുരയിടത്തിന്റെ അതിരാണ് ഇടിഞ്ഞത്. മണ്ണിടിച്ചിലിനെ തുടർന്ന് പത്തോളം വീടുകളാണ് അപകടാവസ്ഥയിലുള്ളത്.
ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് ഒരു വീട്. വീടിന്റെ അടിത്തറ ഉൾപ്പെടെ മണ്ണൊലിച്ച് താഴേക്ക് പോയിട്ടുണ്ട്. ഇപ്പോഴും ചെറിയ രീതിയിൽ മണ്ണ് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. വീട്ടിൽ ആളുകൾ താമസിക്കുന്നുണ്ടെങ്കിലും, ഇവർക്ക് ഇതുവരെ മാറിത്താമസിക്കാൻ കഴിഞ്ഞിട്ടില്ല. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.
വീടിന്റെ മുൻവശത്തേക്ക് കുടുംബാംഗങ്ങളെ മാറ്റിയിട്ടുണ്ടെങ്കിലും, പുറകുവശത്ത് ഒരു ഭാരമോ അനക്കമോ ഉണ്ടായാൽ വീട് താഴേക്ക് വീഴാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. മണ്ണിടിച്ചിൽ തടയാൻ സംരക്ഷണഭിത്തി കെട്ടുക മാത്രമാണ് ഏക പോംവഴിയെന്നും അവർ ചൂണ്ടിക്കാട്ടുന്നു.