elephant-calf-wyd-school

വയനാട് ചേകാടി സര്‍ക്കാര്‍ എല്‍പി സ്കൂള്‍ വരാന്തയില്‍ കുട്ടി കാട്ടാന ഇറങ്ങി. ഇന്ന് രാവിലെയാണ് കാട്ടാനയെത്തിയത്. കാട്ടാനക്കുട്ടി സ്കൂള്‍ മുറ്റത്ത് കറങ്ങി നടന്നത് ആശങ്ക പടര്‍ത്തി. ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. ഒരേ സമയം ആശങ്കയും അതേസമയം തന്നെ കൗതുകം ഉണ്ടാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഇന്ന് രാവിലെ പത്തു മണിയോടുകൂടിയാണ് അപ്രതീക്ഷിതമായി കാട്ടാനക്കുട്ടി സ്കൂള്‍ മുറ്റത്തെത്തിയത്. വരാന്തയിലൂടെ കാട്ടാനക്കുട്ടി കറങ്ങിനടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ കുട്ടികളെ ക്ലാസ്മുറികളിലാക്കി വാതിലടയ്ക്കുകയും ചെയ്തു. കുട്ടികൾ ആനക്കുട്ടിയെ കണ്ട് ബഹളം വയ്ക്കുന്നതെല്ലാം പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കുട്ടികളില്‍ ഒരാളുടെ ചെരുപ്പ് ആനക്കുട്ടി കാലുകൊണ്ടും തുമ്പിക്കൈകൊണ്ടും തട്ടിക്കളിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നീട് സ്കൂള്‍ മുറ്റത്തിലെ ചെളിയിലിറങ്ങി. 

കാട്ടാനക്കുട്ടി സ്കൂളില്‍ എത്തിയതോടെ അധ്യാപകര്‍ ഉടന്‍തന്നെ വനപാലകരെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് പുല്‍‌പ്പള്ളി ഫോറസ്റ്റ് റേഞ്ചില്‍ നിന്ന് വനപാലകരെത്തി കുട്ടിയാനയെ ‘വലയിലാക്കുകയായിരുന്നു’. ചെതലയം ഫോറസ്റ്റ് റേഞ്ചിനോട് ചേര്‍ന്നുള്ള ജനവാസ മേഖലയാണിത്. ഇവിടെ സാധാരണ കാട്ടാനകൾക്ക് വരുന്നത് പതിവാണെങ്കില്‍ ഒരു കുട്ടിയാന ഒറ്റയ്ക്കെത്തുന്നത് അപൂര്‍വമാണ്. കൂട്ടം തെറ്റിയ കുട്ടിയാന അമ്മയാനയെ തേടി വന്നതാകാം എന്നാണ് വനപാലകർ പറയുന്നത്. അങ്ങനെയാണെങ്കിൽ മുത്തങ്ങയിലെത്തിച്ച് മറ്റ് പരിക്കുകളോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ലെന്ന് ഉറപ്പാക്കി കാട്ടില്‍ തുറന്നുവിടും.

ENGLISH SUMMARY:

Elephant in school: A baby elephant wandered into a government school in Wayanad, Kerala, causing both excitement and concern. Forest officials rescued the calf and are investigating if it was separated from its herd.