ചിങ്ങം ഒന്ന് പിറക്കുമ്പോഴും സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂരും കാസര്‍കോടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. മറ്റു ജില്ലകളില്‍ ഇടത്തരം മഴ കിട്ടും. നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപമെടുത്തേക്കും. ഇതിന്‍റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം കൂടി മഴ തുടരും.
അതേ സമയം കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ വയനാട് ബാണാസുര ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കും. സ്പിൽവേ ഷട്ടർ രാവിലെ എട്ട് മണിക്കാണ് തുറക്കുക. ഷട്ടർ 10 സെൻ്റീമീറ്റർ ഉയർത്തി സെക്കൻഡിൽ 50 ക്യുബിക് മീറ്റർ വരെ വെള്ളം ഘട്ടം ഘട്ടമായി പുറത്തേക്ക് ഒഴുക്കും. ഡാമിലെ ജലനിരപ്പ് നിലവിൽ 774 മീറ്റർ ആയി. കരമാൻതോട്, പനമരം പുഴ തുടങ്ങി താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.