യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയ കേസിലെ ഇടപെടലുകള്‍ വിശദമാക്കി കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍. യെമനിലെ പണ്ഡിതന്മാരുമായി നല്ല ബന്ധമുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ഇടപെട്ടതെന്നും കാന്തപുരം പറഞ്ഞു. ഇടപെടല്‍ നടത്തിയ സമയത്ത് ഓരോ അപ്ഡേറ്റും സര്‍ക്കാറുമായി പങ്കുവച്ചിരുന്നെന്നും ആരെയും മറികടന്ന് ഒന്നും ചെയ്തിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി.
'യെമനിലെ പണ്ഡിതന്‍മാരും ഞാനുമായി നല്ല ബന്ധമുണ്ട്. അവര്‍ പറഞ്ഞാല്‍ കക്ഷികള്‍ കേള്‍ക്കുമെന്ന ധാരണയുണ്ട്. ഇസ്‍ലാം മതത്തില്‍ പ്രായശ്ചിത്തം നല്‍കി മാപ്പ് നല്‍കുക എന്നൊരു നിയമമുണ്ട്. മാപ്പ് കൊടുക്കുമോ എന്നറിയാന്‍ യെമനിലെ പണ്ഡിതരോട് ആവശ്യപ്പെട്ടു. അവര്‍ ജഡ്ജിമാരോട് അടക്കം സംസാരിച്ചു' എന്നാണ് കാന്തപുരം രിസാല അപ്ഡേറ്റിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.
'ഈ കേസില്‍ എന്താണ് പ്രത്യേക ഉദ്ദേശമെന്ന് യെമനില്‍ നിന്നും ചോദിച്ചു. മാനവികത പ്രസംഗിക്കുന്നവരാണ് ഞങ്ങള്‍. അത് പ്രത്യക്ഷത്തില്‍ പ്രകടമാക്കി കാണിച്ചു കൊടുക്കുന്നത് എല്ലാവര്‍ക്കും നന്നായിരിക്കും. ഈ മറുപടിയിലാണ് അവര്‍ തയ്യാറായത്. മറ്റുള്ള മതക്കാരെ ഹനിക്കുകയോ എതിര്‍ക്കുകയോ പരിഹസിക്കുകയോ ചെയ്യാത്തവരാണ്.. അതാണ് ഇസ്‍ലാം നിയമം. മനുഷ്യത്വം മാത്രം നോക്കി. മനുഷ്യത്വത്തിന് വില കല്‍പ്പിക്കുന്നു എന്ന് ലോകത്തിന് പഠിപ്പിക്കാന്‍ വേണ്ടിയാണിത്' എന്നും കാന്തപുരം വിശദീകരിച്ചു.
ഞങ്ങള്‍ സര്‍ക്കാറിനോട് യോജിച്ചു കൊണ്ടു തന്നെയാണ് പ്രവര്‍ത്തിച്ചത്. ഓരോ ദിവസവും സര്‍ക്കാറിനോട് സംസാരിച്ചു. സര്‍ക്കാറിനെയോ ആരെയെങ്കിലും മറികടന്നു കൊണ്ടോ ഒന്നും ചെയ്തിട്ടില്ലെന്നും കാന്തപുരം പറഞ്ഞു. ആദ്യം വധശിക്ഷ ഒരു ദിവസത്തേക്ക് നീട്ടി. പിന്നീട് റദ്ദ് ചെയ്തു. ഞങ്ങളുടെ പണി അതോടെ കഴിഞ്ഞു. ഇനി സര്‍ക്കാരാണ് വേണ്ടതൊക്കെ ചെയ്യേണ്ടത്. അത് ചെയ്യുമെന്നാണ് വിശ്വാസം എന്നും കാന്തപുരം പറഞ്ഞു.
2017ലാണ് യെമൻ പൗരന്‍ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെടുന്നത്. നിമിഷപ്രിയയ്ക്കൊപ്പം സനായിൽ ക്ലിനിക് നടത്തുന്നയാളാണ് തലാൽ അബ്ദുമഹ്ദി. നിമിഷപ്രിയ തലാലിന്റെ ഭാര്യയാണെന്നതിനു യെമനിൽ രേഖകളുണ്ട്. എന്നാൽ, ഇതു ക്ലിനിക്കിനുള്ള ലൈസൻസ് എടുക്കുന്നതിനുണ്ടാക്കിയ താൽക്കാലിക രേഖ മാത്രമാണെന്നാണ് നിമിഷയുടെ വാദം. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് കൊലപാതകം എന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്.