കണ്ണൂരില്‍ 14 വര്‍ഷം മുമ്പ് വിറ്റ ജീപ്പ് കാരണം സ്വസ്ഥത നഷ്ടപ്പെട്ട് മുന്‍ ഉടമ. ചെറുപുഴ പാണ്ടിക്കടവിലെ 85കാരനായ വട്ടമറ്റത്തില്‍ മാത്യുവിന് പഴയ ജീപ്പിന്‍റെ നികുതിയടക്കണമെന്ന നോട്ടീസ് ലഭിച്ചതോടെയാണ് സ്വസ്ഥത പോയത്. 2011 ല്‍ ജീപ്പ് വാങ്ങിയയാളെ കണ്ടെത്താനാകാതെ അലയുകയാണ് മാത്യു.
വയോധികനായ മാത്യു തന്‍റെ KL13C5444 എന്ന രജിസ്ട്രേഷനിലുള്ള ജീപ്പ് വിറ്റപ്പോള്‍ ഇങ്ങനൊരു പണി കിട്ടുമെന്ന് കരുതിയതേയല്ല.. ആലക്കോട് സ്വദേശിയ്ക്കാണ് ജീപ്പ് വിറ്റത്. ഏതാനും ദിവസം മുമ്പ് തളിപ്പറമ്പ് ആര്‍ടിഒ മാത്യുവിന് ഒരു നോട്ടീസ് അയച്ചു. 2011 മുതലുള്ള വാഹന നികുതി 46,080 രൂപ അടയ്ക്കാനായിരുന്നു നോട്ടീസ്. രേഖകളിലിപ്പോഴും ഉടമ താനാണെന്ന് മാത്യു അറിഞ്ഞത് അപ്പോഴാണ്. 2011 ല്‍ വാഹനം വാങ്ങിയ വ്യക്തി ആര്‍സി മാറ്റിയിട്ടില്ലെന്ന് ചുരുക്കം.
വെട്ടിലായ മാത്യു അന്ന് വണ്ടിവാങ്ങിയ ആളെ തപ്പി നടക്കുകയാണ്. വര്‍ഷം 14 കഴിഞ്ഞതുകൊണ്ട് ഈ 85കാരന് അന്ന് വാങ്ങിയ ആളെ കുറിച്ച് ഓര്‍മ്മയില്ല. അങ്ങനെ ആലക്കോട് പൊലീസ് സ്റ്റേഷനിലൊരു പരാതി കൊടുക്കാന്‍ ചെന്നു. പക്ഷേ, ഞങ്ങളുടെ അധികാരപരിധിയല്ല, ചെറുപുഴ പൊലീസ് സ്റ്റേഷനില്‍ പോകണമെന്ന് പറഞ്ഞ് അവര്‍ കൈമലര്‍ത്തി. അങ്ങനെ ചെറുപുഴ സ്റ്റേഷനിലും പരാതി നല്‍കിയെങ്കിലും ആളെ കണ്ടെത്താനായില്ല. തന്‍റെ കാലംകഴിഞ്ഞാല്‍ ഭാര്യയും മക്കളും നിയമക്കുരുക്കില്‍ പെടുമോ എന്നാണ് മാത്യുവിനെ അലട്ടുന്നത്.