Untitled design - 1

 എഴുത്തുകാരന്‍ അഖില്‍. പി.ധര്‍മജനെതിരെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതില്‍ എഴുത്തുകാരി ഇന്ദുമേനോന് നോട്ടിസ് അയച്ച് കോടതി. എറണാകുളം സി.ജെ.എം കോടതിയാണ് നോട്ടിസ് അയച്ചത്.സെപ്റ്റംബർ 15 ന് ഇന്ദു മേനോന്‍ കോടതിയില്‍ ഹാജരാകണം. അഖില്‍ പി ധര്‍മജന്‍ നല്‍കിയ പരാതിയിന്‍മേലാണ് നടപടി. അഖില്‍ പി.ധര്‍മജന്‍ ജൂറിയെ സ്വാധീനിച്ചും അഴിമതി നടത്തിയുമാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് വാങ്ങിയത് എന്നായിരുന്നു ഇന്ദുമേനോന്‍ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്.

ഇന്ദുമേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പ്രഥമ ദൃഷ്ട്യാ അപകീര്‍ത്തികരമെന്ന് കോടതി നിരീക്ഷിച്ചു. അഖിലിന്‍റെ അവാര്‍ഡ് നേട്ടത്തില്‍ മുത്തുച്ചിപ്പിയിൽ പ്രസിദ്ധീകരിച്ചു വരുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് മുഖ്യ അവാർഡ് കൊടുക്കുന്നതും ഇനി പ്രതീക്ഷിക്കാം എന്നും ഇന്ത്യയിൽ ഇന്ന് മലയാളസാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്ന യുവ മുഖം ഒരു പൾപ്പ് ഫിക്ഷനാണ് എന്നത് അല്‍ഭുതപ്പെടുത്തുന്നേയില്ലെന്നും ഇന്ദുമേനോന്‍ വിമര്‍ശിച്ചിരുന്നു. സാഹിത്യത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ആദ്യത്തെ പടി പുരസ്കാരവിധിനിര്‍ണ്ണയനങ്ങളിലൂടെയും മറ്റും പള്‍പ്പു കൃതികളെയും മതാധിഷ്ഠിതകൃതികളെയും പ്രതിസ്ഥാപിക്കുകയും അപചയിച്ച ഭാവുകത്വത്തെ നിര്‍മ്മിക്കുകയും ആയിരിക്കണമെന്നും ഇന്ദുമോനോന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.

നേരത്തെ ഇന്ദുമേനോന്‍റെ വിമര്‍ശനങ്ങളില്‍ ദുഃഖമുണ്ടെന്നും നെഗറ്റിവിറ്റിയില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നും അഖില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ നിരന്തരം തനിക്കെതിരെ അധിക്ഷേപം അഴിച്ചുവിടുന്നതിനാലാണ് പരാതി നല്‍കാന്‍ തയ്യാറായതെന്ന് അഖില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അതേ സമയം അഖില്‍. പി ധര്‍മജന്‍ വ്യാജ അക്കൗണ്ടുകളിലൂടെ തന്നെ അധിക്ഷേപിക്കുന്നുവെന്നും വളരെ മോശമായ രീതിയിൽ വെർച്വൽ മോബ് ലിഞ്ചിങ് നടത്തുകയാണെന്നും ചൂണ്ടിക്കാട്ടി ഇന്ദുമേനോന്‍ ഫേസ്ബുക്കിലൂടെ വീണ്ടും രംഗത്തെത്തി. ഏകദേശം 150 ഓളം വിദ്വേഷകരവും സ്ത്രീവിരുദ്ധവും അശ്ലീല കരവുമായ പോസ്റ്റുകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ ഇന്ദുമേനോന്‍ തെളിയിക്കട്ടെയെന്ന് അഖില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

Indu Menon defamation case arises from a Facebook post criticizing writer Akhil P. Dharmajan. The court has issued a notice to Indu Menon to appear on September 15th following a complaint filed by Akhil regarding the alleged defamatory remarks about his Central Sahitya Akademi Award.