കേരള പൊലീസില്‍ ശോഭാ സുരേന്ദ്രന്‍റെ ഒറ്റുകാരനായ ആ പൊലീസുകാരന്‍ ആരായിരിക്കും? കേരള പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം തകൃതിയായി അന്വേഷിക്കുന്നത് ആ പൊലീസുകാരനെക്കുറിച്ചാണ്. പ്രതിഷേധത്തിനിടെ ബി.ജെ.പിക്കാരെ കൈകാര്യം ചെയ്യുമെന്ന് ശോഭാ സുരേന്ദ്രനെ വിളിച്ചു പറഞ്ഞ പൊലീസുകാരനെ ഇതുവരേയും കണ്ടെത്താനായിട്ടില്ല.
ശോഭാ സുരേന്ദ്രന്‍റെ ഈ പ്രസംഗം കേട്ട ഉടനെ തൃശൂരിലെ രഹസ്യ പൊലീസിന് പണി കിട്ടി. ഒറ്റുകാരനായ പൊലീസുകാരനെ കണ്ടെത്തണം. എങ്ങനെ കണ്ടെത്തും?. ശോഭാ സുരേന്ദ്രനെ ഡയറക്ടായി വിളിച്ചാല്‍ അല്ലേ കോള്‍ വിവര പട്ടികയില്‍ നമ്പര്‍ കിട്ടൂ. ഇനി, വാട്സാപ്പ് കോള്‍ ആണെങ്കിലോ? എളുപ്പമാകില്ല കാര്യങ്ങള്‍! . ബി.ജെ.പി. അനുഭാവികളെയാണ് സംശയം. സി.പി.എം, കോണ്‍ഗ്രസ് അനുഭാവികളായ ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥര്‍ സേനയിലുണ്ട്. അതുപോലെ, ബി.ജെ.പി. അനുഭാവികളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് പൊലീസ് സേനയ്ക്കുള്ളില്‍ എല്ലാവര്‍ക്കും അറിയാം. ശോഭാ സുരേന്ദ്രനെ ഫോണില്‍ വിളിച്ചു പറഞ്ഞ ആ പൊലീസുകാരനെ കഴിഞ്ഞ രണ്ടു ദിവസത്തെ കൂലങ്കുഷമായ അന്വേഷണത്തില്‍ കിട്ടിയിട്ടില്ല. അന്വേഷണം തുടരുകയാണ്.
മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെ ബി.ജെ.പി തിരയുകയാണ്. സി.പി.എം. ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ബി.ജെ.പി. നടത്തിയ മാര്‍ച്ചിലായിരുന്നു ഈ തലയ്ക്കടി. അതും ബി.ജെ.പിയുടെ സിറ്റി ജില്ലാ പ്രസിഡന്‍റ് ജസ്റ്റിന്‍ ജേക്കബിന്‍റെ തലയിലാണ് അടി. മാസ്ക്ക് ധരിച്ച ഈ പൊലീസുകാരന്‍ ആരാണെന്ന് ബി.ജെ.പിയും അന്വേഷിച്ചു വരികയാണ്.