വർഷങ്ങൾക്കു മുൻപു കാണാതായ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ ജെയ്നമ്മ തിരോധാനക്കേസിൽ റിമാൻഡിൽ കഴിയുന്ന പള്ളിപ്പുറം ചൊങ്ങുംതറയിൽ സി.എം.സെബാസ്റ്റ്യനും സുഹൃത്തും ചേർന്നു കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തൽ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു. സെബാസ്റ്റ്യന്റെ മുൻ സുഹൃത്ത് കടക്കരപ്പള്ളി സ്വദേശി ശശികലയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ക്രൈംബ്രാഞ്ച് സംഘം ശശികലയുടെ മൊഴിയെടുത്തു.
ശശികലയും ഒരു സ്ഥലക്കച്ചവടക്കാരനുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണു കൊലപാതകം സംബന്ധിച്ച പരാമർശം. ഇതിൽ പരാമർശിക്കപ്പെടുന്നവരെ ചോദ്യം ചെയ്യുമെന്നു സംസ്ഥാന ക്രൈംബ്രാഞ്ച് എസ്പി എ.പി.ഷൗക്കത്തലി പറഞ്ഞു. ബിന്ദു പത്മനാഭൻ കേസിൽ സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വാങ്ങണോ എന്ന് ഉടനെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിന്ദു ജീവിച്ചിരിപ്പില്ലെന്നും അവരെ നേരത്തേ തന്നെ ‘നല്ല ആൺപിള്ളേർ കൊന്നു കളഞ്ഞു’ എന്നും സെബാസ്റ്റ്യന്റെ ഒരു സുഹൃത്ത് തന്നോടു പറഞ്ഞിട്ടുണ്ടെന്നു ശശികല ആരോപിക്കുന്നു. ബിന്ദുവിന്റെ തിരോധാനം വലിയ വാർത്തയായപ്പോൾ ആയിരുന്നു ഈ സംഭാഷണം. സെബാസ്റ്റ്യന്റെ മറ്റൊരു സുഹൃത്തുമായുള്ള ഫോൺ സംഭാഷണമാണു രേഖയായി നൽകിയത്. വസ്തു ഇടനിലക്കാരനായ ഇയാൾക്കും ബിന്ദുവുമായി അടുപ്പമുണ്ടായിരുന്നു എന്ന വിവരം അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ബിന്ദുവിനെ കൊന്നുകളഞ്ഞു എന്നു തന്നോടു പറഞ്ഞ വ്യക്തിയും സെബാസ്റ്റ്യനും ചേർന്നാണു കൊലപാതകം നടത്തിയത് എന്നാണു ശശികലയുടെ ആരോപണം. ഫോൺ സംഭാഷണത്തിലും ആ വിവരമാണുള്ളത്. പള്ളിപ്പുറത്തെ വീട്ടിലെ കുളിമുറിയിൽ വച്ചു തലയ്ക്കടിച്ചു ബിന്ദുവിനെ കൊലപ്പെടുത്തിക്കാണുമെന്നും ശശികല പറയുന്നു.
സെബാസ്റ്റ്യനും ഈ രണ്ടു സുഹൃത്തുക്കൾക്കുമെതിരെ താൻ 3 വർഷം മുൻപു വിവരങ്ങൾ നൽകിയിട്ടും പൊലീസും ക്രൈംബ്രാഞ്ചും കാര്യമായി അന്വേഷിച്ചില്ലെന്നും ശശികല ആരോപിച്ചു. ബിന്ദു പത്മനാഭന് എന്തു സംഭവിച്ചെന്ന് ഇവർക്കും അറിയാം. അവരെ വിശദമായി ചോദ്യം ചെയ്തിരുന്നെങ്കിൽ കേസ് തെളിയുമായിരുന്നു. പക്ഷേ, താൻ നൽകിയ തെളിവുകളും ഫോൺ സംഭാഷണ രേഖയും കാര്യമായി പരിശോധിച്ചില്ല. ക്രൈംബ്രാഞ്ച് വിളിച്ചപ്പോൾ ആലപ്പുഴയിലെത്തി മൊഴി നൽകിയിരുന്നെന്നും ശശികല പറഞ്ഞു.
സെബാസ്റ്റ്യനുമായി പരിചയമുണ്ടായിരുന്ന ചേർത്തല വാരനാട് സ്വദേശി ഐഷയെ കാണാതായ കേസിലും തെളിവു ശേഖരിക്കാനാണു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. സെബാസ്റ്റ്യന്റെ വീട്ടിൽനിന്നു കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങളുടെ ഡിഎൻഎ ഫലം കൂടി ലഭിച്ച ശേഷമായിരിക്കും ഇത്. സെബാസ്റ്റ്യന്റെ സുഹൃത്ത് വാരനാട് സ്വദേശി റോസമ്മയെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചില്ല. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം അവരെ വീണ്ടും ചോദ്യം ചെയ്യും. ഐഷയുടെ മക്കൾ റോസമ്മയ്ക്കെതിരെ മൊഴി നൽകിയിട്ടുണ്ട്.