അനധികൃത സ്വത്ത് സമ്പാദനത്തില്‍ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മനോരമ ന്യൂസിന്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയിരുന്നു. വിവരാവകാശ നിയമപ്രകാരം പോലും പുറത്തുവിടില്ലെന്നായിരുന്നു നിലപാട്. റിപ്പോര്‍ട്ടിലുള്ളത് വ്യക്തിപരമായ വിവരങ്ങളെന്ന് വിചിത്രന്യായീകരണം.
അനധികൃത സ്വത്ത് സമ്പാദനത്തില്‍ അജിത്കുമാറിനെ വിശുദ്ധനാക്കി കേസ് അവസാനിപ്പിക്കാനായിരുന്നു വിജിലന്‍സിന്‍റെയും സര്‍ക്കാരിന്‍റെയും ആഗ്രഹം. എ.ഡി.ജി.പിക്ക് എതിരെ തെളിവില്ലെന്നും ഫ്ലാറ്റ് വിറ്റത് ചട്ടങ്ങള്‍ പാലിച്ചാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക സ്രോതസ്സില്‍ ദുരൂഹതയില്ലെന്നും വിജിലന്‍സ് വാദിക്കുന്നു
ആ റിപ്പോര്‍ട്ട് കോടതി ചവറ്റുകുട്ടയിലെറിഞ്ഞതോടെ ആ സ്വപ്നം പൊലിഞ്ഞു. എന്നാല്‍ വിശുദ്ധനാക്കാനായി എഴുതി തയാറാക്കിയ റിപ്പോര്‍ട്ട് പുറംലോകം അറിയേണ്ടെന്നാണ് സര്‍ക്കാരിന്‍റെ അടുത്ത അജണ്ട. റിപ്പോര്‍ട്ടിലുള്ളത് വ്യക്തിഗതമായ കാര്യങ്ങളെന്നും അത് പുറത്തുവിട്ടാല്‍ എ.ഡി.ജി.പിയുടെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് സര്‍ക്കാരിന്‍റെ വിഷമം. അതുമാത്രവുമല്ല റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നതില്‍ പൊതുതാല്‍പര്യമോ പൊതുപ്രവര്‍ത്തനവുമായി ബന്ധമോ ഇല്ലെന്ന വിചിത്ര കണ്ടെത്തലുമുണ്ട്.
പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനായ എ.ഡി.ജി.പി, സര്‍ക്കാര്‍ പണം ദുരുപയോഗിച്ചുവെന്ന പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടാണ് വ്യക്തിപരമെന്ന് മുഖ്യമന്ത്രിയുടെ പൊതുഭരണവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. വിജിലന്‍സ് വകുപ്പ് വിവരാവകാശ നിയമപരിധിയിലാണെന്നിരിക്കെയാണ് അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പരിശോധിച്ചതിലും ക്ലീന്‍ചിറ്റ് നല്‍കിയതിലും കോടതി കടുത്ത വിമര്‍ശനവും ഉന്നയിച്ചിരുന്നു.