ടോളിനുള്ള സേവനമെവിടെ എന്ന സുപ്രീംകോടതിയുടെ കഴിഞ്ഞ ദിവസത്തെ ചോദ്യം പാലക്കാട് പന്നിയങ്കര ടോള്‍ബൂത്തിലെത്തി യാത്രക്കാരും ചോദിക്കുന്നുണ്ട്. അറ്റകുറ്റപ്പണി മൂലം ഗതാഗത തടസവും റോഡില്‍ രാത്രിയില്‍ വെളിച്ചമില്ലാത്തതും പരിഹരിച്ചിട്ടു പോരെ ടോള്‍ എന്നാണ് ഓരോരുത്തരുടേയും ന്യായമായ ചോദ്യം.
പാലക്കാട്ടെ ദേശീയപാതയില്‍ മിക്കയിടത്തും അറ്റക്കുറ്റപ്പണി തുടരുകയാണ്. പ്രധാനപാത അടച്ച് പലയിടത്തും സര്‍വീസ് റോഡിലൂടെയാണ് സഞ്ചാരം. തകര്‍ന്ന സര്‍വീസ് റോഡും ഗതാഗത കുരുക്കും രൂക്ഷം. എന്നിട്ടും ടോള്‍ പിരിക്കുന്നത് നീതികേടാണെന്നാണ് യാത്രക്കാരുടേയും വിവിധ രാഷ്‌ട്രീയ നേതാക്കളുടേയും പക്ഷം
വടക്കഞ്ചേരി മേല്‍പ്പാലം കുത്തിപ്പൊളിച്ചത് പൂര്‍വ സ്ഥിതിയിലാക്കത്തതോടെ മേഖലയില്‍ കടുത്ത പ്രതിസന്ധി തുടരുന്നുണ്ട്. വടക്കഞ്ചേരി മുതല്‍ പട്ടിക്കാട് വരെ റോഡില്‍ വലിയ തോതില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര അനുവദിക്കുന്നത് വരെ ടോള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യമാണെന്നും പാലിയേക്കരയില്‍ ഇടപെട്ടത് പോലെ പന്നിയങ്കര, വാളയാര്‍ ടോളുകളിലും കോടതി ഇടപെടണമെന്നാണ് ആവശ്യം. ഈ കാര്യമുന്നയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടോള്‍ കമ്പിയിലേക്ക് പ്രതിഷേധിച്ചിരുന്നു. വരും ദിവസങ്ങളില്‍ കോടതിയെ സമീപിച്ച് നിയമപരമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് തീരുമാനം