എം.ആര്‍ അജിത്കുമാര്‍ വിഷയത്തില്‍ മനോരമ ന്യൂസ് വാര്‍ത്ത സ്ഥിരീകരിച്ച് പി.വി അന്‍വര്‍. അജിത് കുമാര്‍ തന്നെ വന്നുകണ്ടിരുന്നെന്ന് പി.വി.അന്‍വര്‍ പറഞ്ഞു. പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ നേരില്‍ കാണണമെന്നു പറഞ്ഞ് വിളിച്ചിരുന്നു. പൊലീസ് മെസേജുകള്‍ ചോരുന്നതില്‍ താന്‍ നടപടി ആവശ്യപ്പെട്ടിരുന്നു. ആ കാര്യങ്ങളാണ് സംസാരിച്ചത്. പക്ഷേ എന്നെ ചതിക്കുകയാണെന്ന് പിന്നീട് ബോധ്യപ്പെട്ടെന്നും അന്‍വര്‍ പറഞ്ഞു.
വഴിവിട്ട എന്ത് സഹായമാണ് ഞാന്‍ ആവശ്യപ്പെട്ടതെന്ന് ചോദിച്ച അന്‍വര്‍, അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണെന്നും പറഞ്ഞു. പി.വി അന്‍വറിന് വഴങ്ങാത്തതാണ് തനിക്കെതിരായ ആരോപണത്തിന് കാരണം എന്നായിരുന്നു അജിത്കുമാര്‍ വിജിലന്‍സിന് നല്‍കിയ മൊഴി. പി.വി.അന്‍വറുമായി സംസാരിച്ചിരുന്നുന്നുവെന്നും കണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും അജിത്കുമാര്‍ പറഞ്ഞിരുന്നു.
അജിത്കുമാറുയുണ്ടായ കൂടിക്കാഴ്ചയെ കുറിച്ച് പി വി അന്‍വര്‍ പറയുന്നതിങ്ങനെയാണ് . 'ഷാജൻ സ്കറിയ പൊലീസ് കമ്മീഷണര്‍മാരുടെ വയര്‍ലെസ് മെസേജുകള്‍ പുറത്തിവിട്ടപ്പോള്‍ അതിനെ കുറിച്ച് അന്വേഷിച്ച് ഒരു വിഡിയോയുമായി മുഖ്യമന്ത്രിയെ പോയി കണ്ടിരുന്നു. വിഷയം വളരെ ഗൗരവമുള്ളതാണ് എന്ന നിലയ്ക്ക് അന്നത്തെ എ.ഡി.ജി.പി അജിത്കുമാറിനെ വിളിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിൽ അന്ന് വൈകുന്നേരമാണ് അജിത് കുമാർ എന്നെ വിളിക്കുന്നത്. നമുക്കൊന്ന് കാണണം എന്നാണ് പറഞ്ഞത്. പൊലീസ് നല്ല രീതിയിൽ പ്രവര്‍ത്തിക്കുന്നില്ല എന്നൊരു ചെറിയ പരാതി ഞാൻ എന്ന് സൂചിപ്പിച്ചിരുന്നു. അതില്‍ എന്നെ കണ്‍വീന്‍സ് ചെയ്യാൻ വേണ്ടിയിട്ടാണ് അന്ന് വൈകുന്നേരത്തെ ഒരു മീറ്റിംഗ് വേണം എന്ന് പറഞ്ഞത്. എന്‍റെ സുഹൃത്തിന്‍റെ വീട്ടിലേക്ക് വരാനാണ് അദ്ദേഹത്തോട് പറഞ്ഞത്.
വൈകുന്നേരം ഒരു ഏഴര മണി മുതല്‍ എട്ടര മണി വരെ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഈ സമയത്തൊക്കെ ഷാജന്‍ ഒളിവിലാണ്. ആസമയം ഇടയ്ക്ക് അജിത് എന്നെ വിളിക്കും എം.എൽ.എ സഹായിക്കണം കണ്ടെത്താൻ കഴിയുന്നില്ല എന്ന് പറയും. പിന്നീട് വിവരം കൈമാറിയിട്ടും അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയില്ല. ഭയങ്കര ദൈവാധീനം ഉള്ള വ്യക്തിയാണെന്നും ഷാജന്‍ അങ്ങോട്ട് വന്നിട്ടില്ലെന്നുമാണ് അജിത്കുമാര്‍ പറയുന്നത്. അതില്‍ നിന്ന് അജിത്കുമാര്‍ എന്നെ ചതിക്കുകയാണെന്ന് ക്ലിയറല്ലേ. ഈ വിവരം മനസിലാക്കിയതോടുകൂടി എനിക്ക് നീതികിട്ടില്ലെന്ന് മനസിലായി എന്നും അന്‍വര്‍ പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസിനുള്ളിലെ ഗൂഢാലോചനയെന്ന് എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിന്‍റെ മൊഴി. വ്യാജരേഖകള്‍ ചമച്ചത് പൊലീസില്‍ നിന്നാണെന്നും അന്വേഷണം നടത്തണമെന്നും അജിത്കുമാര്‍ ആവശ്യപ്പെടുന്നു. വിജിലന്‍സ് അന്വേഷണ സംഘത്തിന് അജിത്കുമാര്‍ നല്‍കിയ മൊഴിപ്പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. വീട് നിര്‍മിക്കുന്നത് ഭാര്യാപിതാവ് നല്‍കിയ ഭൂമിയിലാണ്. ഫ്ളാറ്റ് മറിച്ചുവിറ്റ് ലാഭം നേടിയിട്ടില്ലെന്നും പി.വി അന്‍വറിന് വഴങ്ങാത്തതാണ് ആരോപണത്തിന് കാരണമെന്നും അജിത്കുമാര്‍ മൊഴി നല്‍കി. പി.വി.അന്‍വറുമായി സംസാരിച്ചിരുന്നുന്നുവെന്നും കണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും എം.ആര്‍ അജിത്കുമാര്‍ പറഞ്ഞു. സംശയങ്ങള്‍ ദുരീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എ.ഡി.ജി.പിയുടെ മൊഴിയിലുണ്ട്.