കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ ഇരിണാവ് സ്വദേശിയും. ഇരിണാവ് സിആർസിക്ക് സമീപം പൊങ്കാരൻ മോഹനന്റെയും ഗിരിജയുടെയും മകനായ സച്ചിൻ (31) ആണ് മരിച്ചത്. ഏതാനും മാസം മുൻപാണ് സച്ചിൻ നാട്ടിൽ വന്നു മടങ്ങിയത്. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. ഇന്ത്യക്കാര്‍ ഉള്‍പ്പടെ 13 പേരാണ് മദ്യദുരന്തത്തില്‍ മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കുവൈത്തിലെ വിവിധ ആശുപത്രികളിലായി 63ലേറെപ്പേര്‍ ചികില്‍സയില്‍ ഉണ്ടെന്നും ഇവരില്‍ നാല്‍പതിനടുത്ത് ആളുകള്‍ ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടുണ്ട്.
നാടന്‍ മദ്യം വാങ്ങി കഴിച്ചതോടെ ശനിയാഴ്ച മുതലാണ് പ്രവാസികളില്‍ പലര്‍ക്കും ശാരീരികാസ്വാസ്ഥ്യം പ്രകടമായത്. തുടര്‍ന്ന് ആശുപത്രികളിലേക്ക് എത്തുകയായിരുന്നു. അല്‍ ഷുയൂഖ ബ്ലോക്ക് നാലില്‍ നിന്ന് മദ്യം വാങ്ങി വിവിധ ഇടങ്ങളിലെത്തി കഴിച്ചവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
ദുരന്തത്തില്‍പ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ നാട്ടിലുള്ളവര്‍ക്കായി ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ ക്രമീകരിച്ചിട്ടുണ്ട്. 965 65501587 എന്ന നമ്പറിൽ വാട്സാപ്പിലോ അല്ലെങ്കിൽ നേരിട്ടോ വിളിക്കാമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി.