തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസിനുള്ളിലെ ഗൂഢാലോചനയെന്ന് എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിന്‍റെ മൊഴി. വ്യാജരേഖകള്‍ ചമച്ചത് പൊലീസില്‍ നിന്നാണെന്നും അന്വേഷണം നടത്തണമെന്നും അജിത്കുമാര്‍ ആവശ്യപ്പെടുന്നു. വിജിലന്‍സ് അന്വേഷണ സംഘത്തിന് അജിത്കുമാര്‍ നല്‍കിയ മൊഴിപ്പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. വീട് നിര്‍മിക്കുന്നത് ഭാര്യാപിതാവ് നല്‍കിയ ഭൂമിയിലാണ്. ഫ്ളാറ്റ് മറിച്ചുവിറ്റ് ലാഭം നേടിയിട്ടില്ലെന്നും പി.വി അന്‍വറിന് വഴങ്ങാത്തതാണ് ആരോപണത്തിന് കാരണമെന്നും അജിത്കുമാര്‍ മൊഴി നല്‍കി. പി.വി.അന്‍വറുമായി സംസാരിച്ചിരുന്നുന്നുവെന്നും കണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും എം.ആര്‍ അജിത്കുമാര്‍ പറഞ്ഞു. സംശയങ്ങള്‍ ദുരീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടെന്നും എ.ഡി.ജി.പിയുടെ മൊഴിയിലുണ്ട്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി തള്ളിയിരുന്നു. വിജിലന്‍സ് കൃത്യമായ പരിശോധന നടത്തിയിട്ടില്ലെന്നും തെളിവുകള്‍ കണക്കിലെടുക്കാതെയുള്ള റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. അജിത് കുമാര്‍ ഒരു രൂപ അനധികൃതമായി സമ്പാദിച്ചതിന് തെളിവില്ലെന്ന് കാട്ടിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അസല്‍ പകര്‍പ്പും അന്വേഷണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്‍റെ പകര്‍പ്പും സാക്ഷിമൊഴികളും പരിശോധിച്ചതിനു ശേഷമാണ് കോടതിയുടെ നടപടി.
വിജിലന്‍സ് ഡെപ്യൂട്ടി സൂപ്രണ്ട് ഡിവൈഎസ് പി ഷിബു പാപ്പച്ചന്‍റെ നേതൃത്വത്തിലുള്ള വിജിലന്‍സ് പ്രത്യേക യൂണിറ്റാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മതിയായ രേഖകളും തെളിവും വിജിലന്‍സ് പരിശോധിച്ചില്ല. മേലുദ്യോഗസ്ഥനെ സംരക്ഷിക്കുക എന്ന മട്ടില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയാണ് വിജിലന്‍സ് ചെയ്തതെന്നും കോടതി ഉത്തരവിലുണ്ട്. എഡിജിപിയുടെ കീഴില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയതുകൊണ്ടാണ് ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് നല്‍കിയതെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം.
പട്ടം സബ് റജിസ്റ്റാര്‍ ഓഫിസ് പരിധിയില്‍ ഉള്ള ഭൂമി 33 ലക്ഷം രൂപയ്ക്ക് വാങ്ങിയതും കവടിയാറില്‍ 31 ലക്ഷം രൂപയ്ക്ക് ഫ്‌ലാറ്റ് വാങ്ങി 65 ലക്ഷം രൂപയ്ക്ക് മറിച്ചു വിറ്റതും സംബന്ധിച്ചുമുള്ള ആരോപണങ്ങള്‍ അന്വേഷിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞിരുന്നു. എം.ആര്‍. അജിത്കുമാര്‍ ഭാര്യാസഹോദരനുമായി ചേര്‍ന്ന് സെന്‍റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവിടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി.ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ആരോപിച്ചിരുന്നു. വീടുനിര്‍മാണം, ഫ്‌ലാറ്റ് വാങ്ങല്‍, സ്വര്‍ണക്കടത്ത് എന്നിവയില്‍ അജിത്കുമാര്‍ അഴിമതി നടത്തിയിട്ടില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. മുന്‍ എംഎല്‍എ പി.വി.അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളിലായിരുന്നു വിജിലന്‍സ് അന്വേഷണം.
പി.വി.അന്‍വറുമായി സംസാരിച്ചിരുന്നുന്നുവെന്നും കണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും എം.ആര്‍ അജിത്കുമാര്‍ പറഞ്ഞു. സംശയങ്ങള്‍ ദുരീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എ.ഡി.ജി.പിയുടെ മൊഴിയിലുണ്ട്.