paliyekara-toll-plaza

ടോള്‍ നല്‍കിയിട്ടും ദേശീയപാത അതോറിറ്റി സേവനങ്ങള്‍ നല്‍കുന്നില്ലെന്ന് സുപ്രീംകോടതി. റോഡിന്‍റെ അവസ്ഥ മോശം തന്നെയെന്ന് പറഞ്ഞ സുപ്രീംകോടതി സര്‍വീസ് റോ‍ഡുകളും മെച്ചപ്പെടുത്തിയില്ലെന്ന് വിമര്‍ശിച്ചു. പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് എന്‍.എച്ച്.എ.ഐ നല്‍കിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. 

ടോൾ പിരിവു നാലാഴ്ചത്തേക്കു തടഞ്ഞ കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് എന്‍.എച്ച്.എ.ഐയുടെ ആവശ്യം. ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് ദേശിയപാത അതോറിറ്റി വാദിച്ചു. 2.5 കിലോമീറ്റര്‍ മാത്രമാണ് ഗതാഗതക്കുരുക്കെന്നും എന്‍.എച്ച്.എ.ഐ വിശദീകരിച്ചു. എന്നാല്‍ പണി പൂര്‍ത്തിയാകും മുമ്പ് ടോള്‍ പിരിച്ചല്ലോയെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് സഹ ജഡ്ജ് വിനോദ് ചന്ദ്രന് കാര്യങ്ങള്‍ നേരിട്ടറിയാമെന്നും പറഞ്ഞു. ഗതാഗതക്കുരുക്ക് സംബന്ധിച്ച പത്രവാര്‍ത്തകളും കോടതി പരാമര്‍ശിച്ചു. 

കഴിഞ്ഞ ബുധനാഴ്ചയാണ് ഹൈക്കോടതി ടോള്‍ പിരിവ് തടഞ്ഞ് ഇടക്കാല ഉത്തരവിട്ടത്. ഇടപ്പള്ളി – മണ്ണുത്തി ദേശിയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. കോടതി ഉത്തരവിന് പിന്നാലെ, പാലിയേക്കര ടോള്‍ പ്ലാസയില്‍ സൗജന്യ ആംബുലന്‍സും റോഡ് അറ്റകുറ്റപ്പണിയും നിര്‍ത്തി കമ്പനി. ടോൾ പിരിക്കാത്ത പശ്ചാത്തലത്തിലാണ് സേവനങ്ങൾ നിർത്തിയത് എന്നാണ് ടോൾ കമ്പനിയുടെ നിലപാട്. 

ENGLISH SUMMARY:

National Highway Authority Services are under scrutiny due to poor road conditions despite toll collection. The Supreme Court criticized the lack of services and incomplete service roads, questioning the justification for toll collection.