ആലപ്പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ സ്ത്രീകളെ കാണാതായ കേസില്‍ നിര്‍ണായക കണ്ടെത്തല്‍. പ്രതി സെബാസ്റ്റ്യന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ അതിരമ്പുഴ സ്വദേശി ജെയ്നമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു. ഫൊറന്‍സിക് പരിശോധനയിലാണ് കണ്ടെത്തല്‍. സെബാസ്റ്റ്യന്‍ പണയം വച്ചതും വിറ്റതുമായ സ്വര്‍ണാഭരണങ്ങളും ജെയ്നമ്മയുടെതാണെന്ന് ഉറപ്പിച്ചിട്ടുണ്ട്. ജെയ്നമ്മയുടെ മൊബൈൽ ഫോൺ സിഗ്നലുകൾ ഏറ്റവും ഒടുവിൽ ലഭിച്ചത് സെബാസ്റ്റ്യന്‍റെ വീടിന് സമീപത്തായിട്ടായിരുന്നു. ഇതോടെയാണ് അന്വേഷണം സെബാസ്റ്റ്യനിലേക്ക് നീങ്ങിയത്.
2024 ഡിസംബര്‍ 23നായിരുന്നു ജെയ്നമ്മയെ കാണാതെയായത്. ജെയ്നമ്മ തന്‍റെ സുഹൃത്തായിരുന്നുവെന്നും പ്രാര്‍ഥനായോഗങ്ങളില്‍ വച്ചാണ് പരിചയപ്പെട്ടതെന്നും സെബാസ്റ്റ്യന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഒന്നിച്ച് ധ്യാനകേന്ദ്രങ്ങളില്‍ പോയിട്ടുണ്ടെന്നും സമ്മതിച്ചിരുന്നു. ജെയ്നമ്മയുടെ ഫോണ്‍ സെബാസ്റ്റ്യന്‍ ഉപയോഗിച്ചിരുന്നതിന്‍റെയും സിം റീചാര്‍ജ് ചെയ്തതിന്‍റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.