cpm-video

നിസ്കരിക്കാന്‍ ഇടംതേടി സിപിഎം പാര്‍ട്ടി ഓഫിസിലെത്തിയയാളുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ബിനീഷ് കോടിയേരിയാണ് വിഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ബെഡ് ഷീറ്റും പുതപ്പും കൊണ്ടു നടന്നു വിൽക്കുന്ന കൊല്ലം ശൂരനാട് സ്വദേശിയാണ് മഴയത്ത് പാർട്ടി ഓഫിസിലെത്തി നിസ്‌കരിക്കണമെന്ന് പറഞ്ഞെന്നും പാര്‍ട്ടി സൗകര്യം ചെയ്തുകൊടുത്തെന്നുമാണ് ബിനീഷ് കോടിയേരി പറയുന്നത്. ഹൃദയങ്ങളെ ചേർത്തുപിടിക്കുന്ന ഈ കാഴ്ചയ്ക്ക് മുന്നിൽ വാക്കുകൾക്ക് സ്ഥാനമില്ലെന്ന കാപ്ഷനോടെയാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മഴ നനഞ്ഞ് കയറിവന്ന ഒരാൾ, തൻ്റെ വിശ്വാസത്തെ മുറുകെപ്പിടിച്ച് നിസ്കരിക്കാൻ ഇടം ചോദിക്കുമ്പോൾ, ഒരു രാഷ്ട്രീയ പാർട്ടി ഓഫീസ് അതിന് ഒരുക്കിക്കൊടുക്കുന്നു, ആ മനുഷ്യന്‍റെ വിശ്വാസത്തിന് സാഹചര്യമൊരുക്കിക്കൊടുക്കുന്നു. ഇതാണ് സിപിഎം, മനുഷ്യന്‍റെ നന്‍മയും വിശ്വാസവും സംരക്ഷിക്കുന്ന പ്രസ്ഥാനം. ഈ സ്നേഹവും സാഹോദര്യവുമാണ് നമ്മുടെ നാടിന്‍റെ ഏറ്റവും വലിയ കരുത്ത്. ഡിവൈഎഫ്ഐ കടുത്തുരുത്തി ബ്ലോക്ക് സെക്രട്ടറി വിനോദ് കെ തോമസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് കൂടി വിഡിയോക്കൊപ്പം ബിനീഷ് പങ്കുവച്ചു.

‘ഇന്ന് ഞീഴൂർ CPI (M) ലോക്കൽ കമ്മിറ്റി ഓഫീസിൽ DYFI കടുത്തുരുത്തി ബ്ലോക്ക് സെക്രട്ടറിയായ ഞാനും പാർട്ടി ഏരിയാ കമ്മിറ്റി അംഗം എസ്. വിനോദും ഇരിക്കുമ്പോൾ നല്ല മഴയത്ത് ഒരു ഇക്ക കയറി വന്നു. കൊല്ലം ഗൂരനാട് സ്വദേശിയാണ്, തലച്ചുമട് ആയി ബെഡ് ഷീറ്റും പുതപ്പും ഒക്കെ കൊണ്ടു നടന്നു വിൽക്കുന്ന ഒരാൾ. മഴയായതു കൊണ്ട് കയറി വന്നതാണെന്ന് കരുതി ഇരിക്കാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു നിസ്കരിക്കാൻ കയറിയതാണെന്ന്. സന്തോഷത്തോടു കൂടി കയറി വരാൻ പറഞ്ഞു. എന്തൊരു മനുഷ്യരാണ് എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കാൻ ഈ പാർട്ടി എന്നും ഉണ്ടാവും എന്ന ഉറപ്പാണ് പാർട്ടി ഓഫിസിലേക്ക് കയറി വരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സൗഹൃദം, സാഹോദര്യം, വിശ്വാസം, എന്നീ ഹാഷ്ടാഗുകളും ചേര്‍ത്താണ് ഈ കുറിപ്പ്.

 
ENGLISH SUMMARY:

CPIM office prayer video sparks online discussion. A video of a man praying in a CPM party office is circulating on social media, highlighting a message of religious harmony and tolerance.