biriyaniprice

TOPICS COVERED

പ്രിയപ്പെട്ട ബിരിയാണി ഫാന്‍സിനു ഒരു സങ്കട വാര്‍ത്തയുണ്ട്. ബിരിയാണിക്ക് വില കൂട്ടേണ്ടി വരുമെന്ന സ്ഥിതിയാണിപ്പോള്‍. ഒരു മാസത്തിനിടെ ബിരിയാണി അരിയുടെ വില രണ്ടിരട്ടിയായി കൂടിയതോടെ ഹോട്ടല്‍ ഉടമകള്‍ പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വിലവര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്.

പാലക്കാട് എന്‍.ആര്‍.എമ്മില്‍ ബിരിയാണിയങ്ങനെ തയ്യാറാവുകയാണ്. ചെമ്പ് തുറന്ന് പുറത്തേക്ക് തള്ളിവരുന്ന മധുരമുള്ളൊരു മണം. ബിരിയാണിയും കാത്ത് എരിയുന്ന വയറു‌മായി കുറേയാളുകള്‍ പുറത്തു കാത്തിരിപ്പുണ്ട്. നമ്മുടെയൊക്കെ ജീവിതത്തിന്‍റെ ഭാഗമാണല്ലോ ബിരിയാണി. കാര്യമിങ്ങനെയൊക്കെയാണെങ്കിലും ബിരിയാണിക്കുള്ള ആ സ്വാദ് ഇന്ന് ഹോട്ടലുടകള്‍ക്കില്ല. വിലകയറ്റം തന്നെയാണ് കാരണം. ഒരു മാസത്തിനിടെ ബിരിയാണി അരിക്ക് 2 ഇരട്ടി വിലയാണ് വര്‍ധിച്ചത്.

24 ദിവസം മുമ്പ് കിലോക്ക് 98 രൂപയുണ്ടായിരുന്ന റോസ് അരിക്ക് ഇന്ന് വില 210. 89 രൂപയുണ്ടായിരുന്ന മലബാറിനു 208. വെളിച്ചെണ്ണയടക്കമുള്ളവക്കും കുത്തനെ വില കൂടിയതോടെ പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. അരിക്കു 300 കടന്നാലും അല്‍ഭുതപ്പെടാനില്ലെന്നാണ് കച്ചവടക്കാരുടെ പക്ഷം സമീപകാലത്തെന്നും ഇത്രരൂക്ഷമായൊരു വിലവര്‍ധനവുണ്ടായിട്ടില്ല. കണ്ണുതള്ളുന്നുണ്ടോരോരുത്തര്‍ക്കും. ഒന്നര കൊല്ലം മുമ്പാണ് ഏറ്റവും ഒടുവില്‍ ബിരിയാണിക്ക് വിലകൂട്ടിയത്. നിലവില്‍ കൂട്ടാന്‍ ആവശ്യപ്പെടുന്നില്ലെങ്കിലും സാഹചര്യം ഇങ്ങനെയാണെങ്കില്‍ വരുംദിവസങ്ങളില്‍ വേണ്ടിവരുമെന്നാണ് ഉടമകള്‍ പറയുന്നത്. കുത്തനെയുയരുന്ന വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ മേഖലയാകെ തകരുമെന്നാണ് ഉടമകള്‍ ആശങ്കയോടെ പറയുന്നത്.  അതായത് കാര്യങ്ങളിങ്ങനെയാണെങ്കില്‍ ബിരിയാണി സ്വാദിനു ചിലവേറുമെന്ന്.

ENGLISH SUMMARY:

Biriyani price is expected to rise due to the doubling of biriyani rice prices in the last month, placing hotel owners in a difficult situation. If the government does not intervene, a price increase will be necessary.