എറണാകുളം അങ്കമാലി കറുകുറ്റിയിലും മൂക്കന്നൂരും മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശം. കറുകുറ്റി പള്ളിയങ്ങാടിയിൽ രാവിലെ 10 മണിക്ക് ശേഷമാണ് ചുഴലിക്കാറ്റ് വീശിയത്. വൻമരങ്ങൾ വീടുകളിലേക്കും റോഡിലേക്കും കടപുഴകി വീണു. ഏക്കർ കണക്കിന് കൃഷിയിടങ്ങൾ നശിച്ചു. മരങ്ങൾ റോഡിലേക്ക് വീണതിനെത്തുടർന്ന് പ്രദേശത്തെ ഗതാഗതവും സ്തംഭിച്ചു. മൂക്കന്നൂരിൽ ഉണ്ടായ ചുഴലിക്കാറ്റിൽ 9 വീടുകൾ ഭാഗികമായി തകർന്നു. ആർക്കും പരുക്കില്ല. രണ്ടു മാസങ്ങൾക്കു മുൻപ്, അങ്കമാലിയിൽ വീശി അടിച്ച ചുഴലിക്കാറ്റിൽ നിരവധി വീടുകളും കൃഷിയിടങ്ങളും നശിച്ചിരുന്നു. ഇന്നലെ രാത്രി മുതൽ ഇന്ന് ഉച്ചവരെ കനത്ത മഴയും കാറ്റുമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്
പാലക്കാട് കൂറ്റനാട് കോതച്ചിറയിലും മിന്നല്‍ ചുഴലിയിൽ വൻനാശനഷ്ടങ്ങളുണ്ടായി. മരങ്ങൾ കടപുഴകി വീണു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. രാവിലെ 8:45 ഓടെയാണ് കാറ്റ് ആഞ്ഞു വീശിയത്. കുന്നത്ത് വളപ്പിൽ സൗദാമിനിയുടെ വീടിന്റെ മേൽക്കൂര പറന്നു പോയി.തേക്ക്, കവുങ്ങ്, തെങ്ങ് ഉൾപ്പെടെ 20ലധികം മരങ്ങൾ കടപുഴകി വീണു. 3 കിലോമീറ്ററുകളോളം ദൂരത്തിൽ കാറ്റ് ആഞ്ഞു വീശിയതായി നാട്ടുകാർ പറഞ്ഞു. നിരവധി വീടുകളുടെ മുകളിലേക്കും മരങ്ങൾ പതിച്ചു. വൈദ്യുതി പോസ്റ്റുകൾക്ക് മുകളിൽ മരം വീണതോടെ വൈദ്യുതി ബന്ധം തകരാറിലായി.