തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അവസരവാദിയെന്ന പരാമര്‍ശത്തില്‍ ഉറച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അവസരവാദനിലപാട് സ്വീകരിച്ചവരെ വിമര്‍ശിക്കും. അവസരവാദം എന്നത് അശ്ലീലഭാഷയല്ല. ചില ബിഷപ്പുമാര്‍ സംഘപരിവാറിനെ മനസിലാക്കുന്നില്ല. ഗോവിന്ദച്ചാമിയുമായി പരാമര്‍ശിച്ചതിലും മറുപടി. ആളുകള്‍ അവരുടെ നിലവാരത്തിനനുസരിച്ച് പ്രതികരിക്കു എന്നും എം.വി.ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു.
കന്യാസ്ത്രീകളുടെ അറസ്റ്റും ജാമ്യവും കൊടുമ്പിരികൊണ്ടിരിക്കെ തലശേരി ബിഷപ്പ് കേന്ദ്ര സര്‍ക്കാരിനെ പുകഴിത്തിയതിന്‍റെ ചുവടുപടിച്ചായിരുന്നു അവസരവാദിയെന്ന എം.വി ഗോവിന്ദന്‍റെ പ്രസംഗം. പരാമര്‍ശത്തില്‍ പൊള്ളിയ അതിരൂപത അതേനാണയത്തില്‍ ഗോവിന്ദന് തിരിച്ചടിയും നല്‍കി. എ.കെ.ജി സെന്‍ററില്‍ നിന്ന് തിട്ടൂരം കിട്ടിയിട്ടുവേണ്ട മെത്രാന്‍മാര്‍ക്ക് പ്രസ്താവന നടത്താന്‍. സ്വന്തം സ്വഭാവ വൈകല്യത്തെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോലായി ഉപയോഗിക്കരുതെന്നും തലശേരി അതിരൂപത വാര്‍ത്താക്കുറിപ്പിലൂടെ ആഞ്ഞടിച്ചിരുന്നു.
അതേസമയം, ഗോവിന്ദന്‍ മാഷ് ഗോവിന്ദച്ചാമിയെ പോലെ സംസാരിക്കരുതെന്ന് കത്തോലിക്ക കോണ്‍ഗ്രസിന്‍റെ മുന്നറിയിപ്പ്. മൈക്ക് കാണുമ്പോള്‍ എന്തെങ്കിലും വിളിച്ചുപറയരുതെന്നും മൂന്നാം പിണറായി സര്‍ക്കാര്‍ വരണോ എന്ന് ആലോചിക്കണമെന്നും ഗ്ലോബല്‍ ഡയറക്ടര്‍ ഫിലിപ്പ് കവിയില്‍ പറഞ്ഞിരുന്നു.
കന്യാസ്ത്രീ വിഷയത്തില്‍ ബിജെപിയ്ക്ക് അനുകൂലമായാണ് സഭാ നേതൃത്വം സംസാരിക്കുന്നതെന്ന ആക്ഷേപം നേരത്തെ മുതല്‍ സിപിഎമ്മിനുണ്ട്. പക്ഷേ , ആരെയും പേരെടുത്ത് വിമര്‍ശിച്ചിരുന്നില്ല. ഡിവൈഎഫ്ഐ നേതാവ് വി.കെ സനോജും പാംപ്ലാനിയെ വിമര്‍ശിച്ചപ്പോള്‍ മിണ്ടാതിരുന്ന അതിരൂപതയെ പാര്‍ട്ടി സെക്രട്ടറി ആക്രമിച്ചതാണ് സഭയും സിപിഎമ്മും തമ്മില്‍ ഉലച്ചിലുണ്ടാകാന്‍ കാരണം.