സുരേഷ് ഗോപിയുടെ ഓഫിസ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ച സിപിഎം പ്രവര്‍ത്തകന്‍ വിപിന്‍ വില്‍സന്‍ അറസ്റ്റില്‍. വിപിനെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് സി.പി.എം പ്രവര്‍ത്തകര്‍ മോചിപ്പിച്ചിരുന്നു. തൃശൂരിലെ സി.പി.എം–ബി.ജെ.പി സംഘര്‍ഷത്തില്‍ അന്‍പതോളം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കും മൂന്ന് സിപിഎംകാര്‍ക്കും പരുക്കേറ്റിരുന്നു. Also Read: സുരേഷ്ഗോപിക്കും കുടുംബത്തിനും തിരുവനന്തപുരത്തും വോട്ട്! ഗുരുതര ചട്ടലംഘനം
വോട്ട് കൊള്ള ആരോപണത്തെ തുടർന്ന് സംസ്ഥാന രാഷ്ട്രീയം കലുഷിതമാകുന്നു. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ക്യാംപ് ഓഫിസിന് നേരെ നടന്ന ആക്രമണത്തിനെതിരെ ഇന്ന് ബി.ജെ.പി. സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും മാർച്ച് നടത്താനാണ് തീരുമാനം. ഇന്നലെ വൈകിട്ട് നടന്ന പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകരാണ് സുരേഷ് ഗോപിയുടെ ക്യാംപ് ഓഫിസിൽ ബോർഡിൽ കരിഓയിൽ ഒഴിച്ചത്.
അതേസമയം കള്ളവോട്ട് ആരോപണമുന്നയിച്ച് സുരേഷ് ഗോപിക്കും ബിജെപിക്കും എതിരെ പ്രതിഷേധം തുടരാനാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും തീരുമാനം. രാഹുൽ ഗാന്ധി ഉയർത്തിയ വോട്ടുകൊള്ള ആരോപണത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ഇന്ന് കത്തയയ്ക്കൽ സമരം നടത്തും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയയ്ക്കുന്ന പ്രതീകാത്മക സമരം സംസ്ഥാന വ്യാപകമായി നടത്താനാണ് തീരുമാനം.
വോട്ടുകൊള്ള ആരോപണങ്ങള്‍ക്കും കാണാനില്ലായെന്ന പരാതികള്‍ക്കുമിടയില്‍ സുരേഷ് ഗോപി കേരളത്തില്‍ തിരിച്ചെത്തി. പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിയ സുരേഷ് ഗോപി രാവിലെ ഒമ്പതരയോടെ തൃശൂരിലെത്തും. വന്‍ സ്വീകരണമൊരുക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ഡല്‍ഹിയില്‍ നിന്ന് സുരേഷ് ഗോപി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തൃശൂരിലെ വോട്ട് ചേര്‍ക്കല്‍ വിവാദങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും സുരേഷ് ഗോപി പ്രതികരിച്ചില്ല.