തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേയ്ക്ക് ബി.ജെ.പി നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. BJP പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചു. കർശന നടപടി വന്നില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിൽ കരി ഓയിൽ ഒഴിക്കുമെന്ന് BJP നേതാവ് കെ.സുരേന്ദ്രൻ മൂന്നറിയിപ്പ് നൽകി.
സി.പി.എം പ്രവർത്തകർക്കൊപ്പം കൂടി പൊലീസ് ആക്രമിച്ചെന്ന് ആരോപിച്ചായിരുന്നു BJP പ്രവർത്തകരുടെ മാർച്ച്. സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസിലേയ്ക്കുള്ള BJPയുടെ മാർച്ചിനിടെ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബിന് പൊലിസിന്റെ ലാത്തിയടിയേറ്റിരുന്നു. കമ്മിഷണർ ഓഫിസിന് സമീപം ബാരിക്കേഡുകൾ നിരത്തി മാർച്ച് തടഞ്ഞു. ഈ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച BJP പ്രവർത്തകർക്കു നേരെ പല തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനേയും സി.പി.എമ്മിനേയും താക്കീത് ചെയ്തായിരുന്നു കെ. സുരേന്ദ്രന്റെ മുന്നറിയിപ്പ് .
കേരള പൊലീസിൽ 60 ശതമാനം ഉദ്യോഗസ്ഥരും നരേന്ദ്ര മോദിയുടെ ഫാൻസ് ആണെന്ന് ശോഭ സുരേന്ദ്രൻ . കരി ഓയിൽ ഒഴിച്ചതിന് എതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.