ഇറക്കുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ അധിക തീരുവ ഇരുട്ടടിയാകുമോയെന്ന ആശങ്കയില്‍ കൊല്ലത്തെ കശുവണ്ടി മേഖല.തീരുവ അതേപടി തുടര്‍ന്നാല്‍ കശുവണ്ടിക്ക് വലിയ വിലവര്‍ധന ഉണ്ടാകുകയും വാങ്ങാനാളില്ലാതെ വരുമെന്നും വ്യാപാരികള്‍. ആഭ്യന്തര വിപണികൊണ്ടുമാത്രം പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഇടപെടലുണ്ടായില്ലെങ്കില്‍ കശുവണ്ടിമേഖല അപ്പാടെ തകരുമെന്നും കശുവണ്ടി വികസന കോര്‍പറേഷന്‍.
2023 ഒക്ടോബര്‍ മുതല്‍ 2024 സെപ്തംബര്‍വരെ മാത്രം 111 കശുവണ്ടി കെമല്‍ ഷിപ്പ്മെന്‍റുകളാണ് ഇന്ത്യയില്‍നിന്നും അമേരിക്കയിലേക്ക് കയറ്റി അയച്ചത്. അതില്‍ 60 ശതമാനത്തോളം സംസ്ഥാനത്തുനിന്നും അതില്‍ ഏറ്റവും കൂടുതല്‍ കൊല്ലം ജില്ലയില്‍ നിന്നുമായിരുന്നു.നിലവില്‍ ദൗര്‍ലഭ്യം കാരണം തോട്ടണ്ടി ഇറക്കുമതി ചെയ്യുകയാണ്.അതിനൊപ്പം വിലവര്‍ധനയും കൂടി ചേരുമ്പോള്‍ കയറ്റുമതി തന്നെ നിലച്ചു പോകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
കശുവണ്ടി വികസന കോര്‍പറേഷനും വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നു ചെയര്‍മാന്‍ എസ്.ജയമോഹന്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധികാരണം 40 ശതമാനത്തോളം സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ക്കും ഇതിനോടകം താഴുവീണു. അതിനിടയിലാണ് ഇപ്പോള്‍ തീരുവ വര്‍ധനയും എത്തിയത്.