donald-trump

TOPICS COVERED

സ്വിറ്റ്സര്‍ലന്‍ഡിനുമേല്‍ യു.എസ് ചുമത്തി നികുതി കുറച്ച ഡൊണള്‍ഡ് ട്രംപിന്‍റെ നടപടി വിവാദത്തില്‍. സ്വിസ് കോടീശ്വരന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപ് സ്വിറ്റ്സര്‍ലന്‍‍ഡിന് ചുമത്തിയ 39 ശതമാനം നികുതി 15 ശതമാനത്തിലേക്ക് കുറച്ചത്. സ്വിസ് കോടീശ്വരന്മാരുടെ ഒരു സംഘം സ്വർണ റോളക്സ് വാച്ചും 1.30 ലക്ഷം ഡോളര്‍ വിലമതിക്കുന്ന സ്വർണക്കട്ടിയുമാണ് സമ്മാനമായി നല്‍കിയത്. ഇതാണോ ഇളവിന് കാരണമെന്നതിലാണ് വിവാദം. 

സ്വിസ് ബിസിനസുകാര്‍ യു.എസ് പ്രസിഡന്‍റിന് സമ്മാനങ്ങള്‍ നല്‍കിയത് സ്വിറ്റ്സർലൻഡിലെ കൈക്കൂലി വിരുദ്ധ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഗ്രീന്‍ പാര്‍ട്ടിയുടെ എംപിമാരായ റാഫേല്‍ മഹിം, ഗ്രെറ്റ ജിസിന്‍ എന്നിവര്‍ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്ത് നൽകി. അതേസമയം, ഇരു രാജ്യങ്ങളിലെയും നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് ട്രംപിന് സമ്മാനങ്ങള്‍ നല്‍കിയതെന്നാണ് സ്വിസ് കോടീശ്വരന്‍മാരുടെ പ്രതിനിധി സംഘവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 

എംഎസ്‍സി, റോളക്സ്, പാര്‍ട്ണേഴ്സ് ഗ്രൂപ്പ്, മെര്‍ക്കുറിയ, റിച്ചമണ്ട്, എംകെഎസ് എന്നി കമ്പനികളുടെ ഉന്നതരാണ് ട്രംപിനെ വൈറ്റ് ഹൗസിലെത്തി കണ്ടത്. സ്വിസ് സ്വര്‍ണ ശുദ്ധീകരണ കമ്പനിയായ എംകെഎസില്‍ നിന്നുള്ള സ്വര്‍ണ റോളക്സ് വാച്ചും പ്രത്യേകം കൊത്തിയെടുത്ത സ്വർണ കട്ടിയും ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് ട്രംപിന് നല്‍കിയത്. ഇതിനൊപ്പം യു.എസില്‍ 200 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപവും സ്വിസ് കോടീശ്വരന്മാര്‍ ട്രംപിന് ഉറപ്പു നല്‍കിയിരുന്നു. 

സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള ഇറക്കുമതിക്ക് ചുമത്തിയ 39 ശതമാനം നികുതിയുമായി ബന്ധപ്പെട്ട് പല തവണ സ്വിസ് പ്രസിഡന്‍റ് കാരിന്‍ കെല്ലര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ട്രംപ് വഴങ്ങിയിരുന്നില്ല. നവംബര്‍ നാലിന് കോടീശ്വരന്മാരുമായുള്ള ചര്‍ച്ച കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷമാണ് നികുതി കുറയ്ക്കുന്ന കാര്യം ട്രംപ് വ്യക്തമാക്കിയത്.

ENGLISH SUMMARY:

Donald Trump's decision to drastically cut the import tax on Switzerland from 39% to 15% shortly after meeting with a delegation of Swiss billionaires has sparked a major controversy. The Swiss delegation presented Trump with lavish gifts, including a gold Rolex watch and a gold bar valued at $130,000, and promised $200 billion in US investments. Green Party MPs in Switzerland have written to the Public Prosecutor demanding an investigation into whether the gifts violated Swiss anti-bribery laws. The meeting, which included top executives from companies like MSC, Rolex, and Partners Group, took place on November 4th, and the tax cut was announced ten days later, despite previous persistent requests by Swiss President Karin Keller not yielding results.