കോഴിക്കോട് തടമ്പാട്ടുതാഴത്തെ സഹോദരിമാരുടെ കൊലപാതകത്തിൽ സഹോദരൻ പ്രമോദിന്റെ മൃതദേഹം കണ്ടെത്തി. തലശ്ശേരി കുയ്യാലി പുഴയിൽ നിന്ന് ഇന്നലെ വൈകീട്ട് ലഭിച്ച മൃതദേഹം പ്രമോദിന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തിലാണ് പൊലീസ്.
ശനിയാഴ്ച പുലർച്ചെയാണ് സഹോദരിമാരായ ശ്രീജയയെയും പുഷ്പ ലളിതയെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രമോദ് വീട് വിട്ട് ഇറങ്ങിയത്. തടമ്പാട്ടുതാഴത്തെ വീട്ടിൽ നിന്ന് പ്രമോദ് പുറത്തേക്ക് പോകുന്നതും കാരപറമ്പ് ഭാഗത്തേയും ഉൾപ്പെടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പ്രമോദിന്റെ മൊബൈൽ ഫോൺ ഫറോക്ക് ഭാഗത്ത് വെച്ച് സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. സഹോദരിമാർക്ക് വേണ്ടി വിവാഹം പോലും കഴിക്കാതെ ജീവിച്ച പ്രമോദ് ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പോലീസ് തള്ളിക്കളഞ്ഞിരുന്നില്ല.
ഇതിനിടെയാണ് തലശ്ശേരി കുയ്യാലിപ്പുഴയിൽ നിന്ന് ഇന്നലെ വൈകീട്ട് പ്രമോദിന്റെ മൃതദേഹം കണ്ടെത്തിയത്. തലശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. പ്രായാധിക്യത്തിൽ സഹോദരിമാരെ എങ്ങനെ പരിപാലിക്കുമെന്ന ആശങ്കയാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസിൻ്റെ നിഗമനം. സഹോദരി ശ്രീജയ തളർന്ന് കിടപ്പിലായതും പ്രമോദിനെ മാനസികമായി അലട്ടിയിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം പ്രമോദിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.