ambili-crime

 കേരളത്തെ ഞെട്ടിച്ച അമ്പിളികൊലക്കേസില്‍ ഭര്‍ത്താവിനും കാമുകിക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു.   നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവളായിരുന്നു അമ്പിളി. അത്രയും പാവപ്പെട്ടൊരു പെണ്ണ് എന്നാണ് എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത്. 2018 മെയ് 27നായിരുന്നു കേസിനാസ്പദമായ സംഭവം. സുനില്‍–അമ്പിളി ദമ്പതികള്‍ക്ക് രണ്ടു മക്കളുമുണ്ടായിരുന്നു. 46കാരനായ സുനില്‍കുമാറിന് സമീപവാസിയായ 53കാരിയായ ശ്രീലതയുമായി ഏറെ നാളത്തെ ബന്ധമുണ്ട്. ഈ ബന്ധം സുനില്‍കുമാറിന്റെ ഭാര്യ അമ്പിളി അറിഞ്ഞത് ഏറെ വൈകിയാണ്, അപ്പോഴും അമ്പിളി വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനോ തര്‍ക്കത്തിനോ പോയില്ല.

അയല്‍ക്കാരെല്ലാം സുനിലിനോട് സംസാരിക്കാമെന്ന് പറഞ്ഞപ്പോഴും അമ്പിളിയാണ് വിലക്കിയത്. രണ്ട് കുഞ്ഞുങ്ങളുള്ളതിനാല്‍ പ്രശ്നം വഷളാക്കേണ്ടെന്ന് കരുതി അമ്പിളി നിശബ്ദയായി എല്ലാം കണ്ടും ,സഹിച്ചും ക്ഷമിച്ചും ജീവിച്ചു. എന്നാല്‍ ശ്രീലതയെ വിവാഹം കഴിക്കാനായി സുനില്‍കുമാര്‍ തീരുമാനിച്ചതോടെ കാര്യങ്ങള്‍ വഷളായി. അമ്പിളിയെ ക്രൂരമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ക്കും കാര്യങ്ങള്‍ ബോധ്യപ്പെട്ടു. വിവാഹസമയത്ത് മുപ്പത് പവനോളം ഉണ്ടായിരുന്ന അമ്പിളിയുടെ കെട്ടുതാലി പോലും ആറുമാസത്തിനുള്ളില്‍ ഇല്ലാതായി. ശ്രീലതയ്ക്ക് ചെല്ലും ചിലവും കൊടുത്തു തുടങ്ങിയതോടെ അമ്പിളി തയ്യല്‍പ്പണിയെടുത്ത് കുഞ്ഞുങ്ങളെ പോറ്റേണ്ട അവസ്ഥയായി.

സുനില്‍കുമാര്‍ തന്നേയും മക്കളേയും നോക്കുന്നുണ്ടെന്ന് അയല്‍ക്കാരോട് കള്ളം പറഞ്ഞു. തെക്കേലും വടക്കേലുമായാണ്, അതായത് ഭാര്യയുടേയും കാമുകിയുടേയും വീടുകളിലായാണ് സുനില്‍കുമാറിന്റെ താമസം. രാവിലെയാകുമ്പോള്‍ തിരിച്ച് അമ്പിളിയുെട വീട്ടിലെത്തും. ഇതിനിടെ ഒരു ദിവസം ശ്രീലതയുടെ വീട്ടിലേക്കുപോയ സുനിലിനെ രണ്ടു ദിവസമായിട്ടും കണ്ടില്ല. രണ്ടു വീടിനപ്പുറമുള്ള ശ്രീലതയുടെ വീട്ടിലേക്ക് തിരഞ്ഞുപോയി, ഇരുവരേയും ഒന്നിച്ചുകണ്ട അമ്പിളിയുടെ നിയന്ത്രണം വിട്ടു, അന്നോളം ഉള്ളില്‍ നീറിയ കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു, നേരം പത്തുമണിയായാലും അങ്ങേരെ ഇറക്കിവിടാന്‍ മേലേയെന്ന് ചോദിച്ചായിരുന്നു അമ്പിളി പ്രശ്നമുണ്ടാക്കിയത്. ശ്രീലതയും അമ്പിളിയും തമ്മില്‍ തര്‍ക്കം മൂത്തു. ഇതിനിടെ അമ്പിളി വീട്ടിലേക്ക് തിരിച്ചുപോന്നു, പിന്നാലെയെത്തിയ സുനില്‍കുമാര്‍ അമ്പിളിയുമായി വീട്ടില്‍വച്ച് ബഹളം തുടങ്ങി.

verdict-today

സുനില്‍കുമാര്‍, അമ്പിളി

ബഹളം കയ്യാങ്കളിയായി. സുനിൽകുമാർ അമ്പിളിയെ തലയ്ക്കടിച്ചുവീഴ്ത്തി. അലക്കുകല്ലിന്റെ അടുത്തുനിന്നും വലിച്ചിഴച്ച് വീട്ടിലെ സ്റ്റെയർകേസിനടിയിൽ എത്തിച്ച് കെട്ടി തൂക്കി. കെട്ടിത്തൂക്കിയ ശേഷം സമീപത്തെ കടയിലേക്ക് പോകുന്നു, പിന്നാലെ തിരിച്ചുവന്ന് മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം മറ്റുള്ളവരെ അറിയിച്ചു. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചത്. തനിക്ക് പരിചയമുള്ളൊരു കെട്ടായിരുന്നു സുനില്‍കുമാര്‍ അമ്പിളിയുടെ കഴുത്തില്‍ കെട്ടിയത്. അമ്പിളിയുടെ കഴുത്തിൽ തടി കെട്ടുന്നത് പോലെയുള്ള കെട്ട് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അന്വേഷണം മരപ്പണിക്കാരനായ സുനിൽകുമാറിലേക്ക് നീണ്ടത്. ശ്രീലത ആവശ്യപ്പെട്ട പ്രകാരമായിരുന്നു സുനില്‍ അമ്പിളിയെ കൊലപ്പെടുത്തിയത്. ശ്രീലതയെ വിവാഹം കഴിക്കാന്‍ അമ്പിളി തടസമായിരുന്നുവെന്ന് സുനില്‍കുമാര്‍ മൊഴി നല്‍കി.

അമ്പിളിയുടെ ഭർത്താവ് സുനിൽകുമാറും പെൺസുഹൃത്ത് ശ്രീലതയും കുറ്റക്കാരാണെന്ന് നേരത്തേ കോടതി കണ്ടെത്തിയിരുന്നു. അന്നത്തെ നൂറനാട് എസ്ഐ ബിജുവിനായിരുന്നു അന്വേഷണ ചുമതല. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സന്തോഷ് കുമാർ ഹാജരായി.  മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി.ശ്രീദേവിയാണ് വിധി പറഞ്ഞത്. 50,000 രൂപ പിഴ അമ്പിളിയുടെ മക്കള്‍ക്ക് നല്‍കാനും കോടതി വിധിച്ചു.

ENGLISH SUMMARY:

Ambili murder case verdict is expected today. The verdict in the case that shook Kerala is highly anticipated, delivering justice for Ambili, a beloved and innocent woman.