സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെ ചോദ്യം ചെയ്ത് കൊച്ചി സിറ്റി സൈബര്‍ പൊലീസ്. വിഎസിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശവും മുന്‍പ് പങ്കുവെച്ച മറ്റൊരു പോസ്റ്റുമായി ബന്ധപ്പെട്ട പരാതികളിലായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ പതിനൊന്ന് മണിയോടെ വിനായകന്‍ ചോദ്യം ചെയ്യലിന് ഹാജരായി. സൈബര്‍ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലെ അധിക്ഷേപ, അസഭ്യ പരാമര്‍ശങ്ങള്‍ വിനായകന്‍റെ ഫെയ്സ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. വിനായകന്‍റെ ഫോണും അന്വേഷണ സംഘം പരിശോധിച്ചു. യേശുദാസ്, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ മാധ്യമപ്രവര്‍ത്തകയെയും അസഭ്യവാക്കുകള്‍ നിറഞ്ഞ പോസ്റ്റിലൂടെ അധിക്ഷേപിച്ചിരുന്നു. നിലവില്‍ പ്രതികരിക്കാനില്ലെന്ന് വിനായകന്‍ വ്യക്തമാക്കി.
അതേസമയം, മാപ്പും മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപവുമായി വിനായകൻ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. വിനായകൻ പുലഭ്യം പറഞ്ഞുവെന്ന വിമർശനത്തിനാണ് മാധ്യമപ്രവർത്തകയെ പേരെടുത്ത് അധിക്ഷേപിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റ്. പുലഭ്യം എന്ന വാക്കിന്റെ പ്രയോഗം ചോദ്യം ചെയ്തുള്ള അധിക്ഷേപത്തിന് മുന്നോടിയായുള്ള പോസ്റ്റിലാണ് വിനായകൻ മാപ്പ് ചോദിച്ചത്. യേശുദാസിനെതിരായ മോശം പരാമർശത്തിൽ വിനായകനെതിരെ നടപടി വേണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടിരുന്നു.
ഗായകൻ യേശുദാസിനെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ മലയാളം പിന്നണിഗായകരുടെ സംഘടനയായ സമവും രംഗത്തെത്തിയിരുന്നു. വിനായകനെ എന്നല്ല സാമൂഹ്യമാധ്യമങ്ങളിലെ ഒരു വിഷജീവിയെയും തങ്ങൾക്കു ഭയമില്ലെന്നും ഈ സംസ്കാരശൂന്യതയ്ക്കെതിരെ - സൈബർ ഗുണ്ടായിസത്തിനെതിരെ തങ്ങൾ ഏതറ്റം വരെയും പോകുമെന്നും ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. മലയാളികളുടെ സ്വന്തം ദാസേട്ടനോടും പൊതുസമൂഹത്തോടും അദ്ദേഹത്തിന്റെ പേരെടുത്തു പറഞ്ഞ് ക്ഷമാപണം നടത്താത്ത പക്ഷം വിനായകൻ അഭിനയിക്കുന്ന ചലച്ചിത്രങ്ങളും പങ്കെടുക്കുന്ന പൊതുപരിപാടികളും കാണാൻ ഇവിടെ സഹൃദയരുണ്ടാവില്ലെന്നും കുറിപ്പിൽ പറയുന്നു.