സഹപ്രവർത്തകർ പിന്നിൽ നിന്ന് കുത്തിയെന്ന് തുറന്നടിച്ച് ഡോ ഹാരിസ് ചിറക്കൽ. ചില വെള്ളിനാണയങ്ങൾക്ക് വേണ്ടി സഹപ്രവർത്തകനെ ജയിലിലേയ്ക്കും മരണത്തിലേക്കും എത്തിക്കാൻ ശ്രമിച്ചുവെന്ന് കെജിഎം സി ടി എ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് പരസ്യ പ്രതികരണം. ഡോക്ടർ ഹാരിസിനെ കള്ളനാക്കാൻ ഉത്സാഹിച്ച ഡി എം ഇയും പ്രിൻസിപ്പലും ഉൾപ്പെടെയുള്ളർ ക്കെതിരെ കടുത്ത നിലപാടെടുത്ത കെജിഎം സി ടി എ ഇവരെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി.
ഇന്നലെ പാതിരാത്രിയിലാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഡോ ഹാരിസ് ഹൃദയവേദന പങ്കുവച്ചത്. സഹപ്രവർത്തകനായ സുഹൃത്തിനെ ജയിലിലേക്ക് അയക്കാൻ കാണിച്ച വ്യഗ്രത മെഡിക്കൽ കോളജിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതാണ് എന്നാണ് ഡോക്ടർ പരിഹസിച്ചത് 'ചില വെള്ളിനാണയങ്ങൾക്ക് വേണ്ടി സഹപ്രവർത്തകനെ മരണത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചവർക്ക് കാലം മാപ്പ് നൽകട്ടെയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. രാവിലെ പരസ്യ പ്രതികരണം നടത്തിയ ഡോക്ടർ സഹപ്രവർത്തർ തന്നെ ലോകം മുഴുവൻ കള്ളനാക്കി ചിത്രീകരിച്ചെന്നും കുരിശിലേറ്റാൻ ശ്രമിച്ചെന്നും തുടന്നടിച്ചു. മന്ത്രിയും ഡിഎഇയും തന്നെ വന്നു കണ്ടു സമാധാനപ്പെടുത്തിയ ശേഷം നടത്തിയ വാർത്ത സമ്മേളനം ഞെട്ടിച്ചെന്നും ഡോക്ടർ തുറന്നു പറഞ്ഞു.
താൻ ചികിത്സയിൽ ആണെന്ന് അറിഞ്ഞിട്ടും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും തന്നോട് ഫോണിലൂടെയോ നേരിട്ടോ ഒരു വിശദീകരണവുംചോദിച്ചില്ലെന്നും ഡോക്ടർ കുറ്റപ്പെടുത്തി. ഇതിനിടെ ഡോക്ടർ ഹാരിസിനെ കുടുക്കാൻ ശ്രമിച്ച ഡി എം ഇ യേയും പ്രിൻസിപ്പലിനെയും സൂപ്രണ്ടിനേയും ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി. ഇറങ്ങി പോകണമെന്ന് പറയുന്നതിന് പകരം കുറച്ചു കൂടി മാന്യമായി ഭരണപരമായ ചുമതലകൾ വഹിക്കുന്നവർ ഗ്രൂപ്പിൽ നിന്ന് പുറത്തു പോകണമെന്ന് അഭ്യർഥിക്കുന്ന സന്ദേശം തിരുവനന്തപുരം യൂണിറ്റ് ഭാരവാഹികൾ വാട്സാപ്പിൽ പോസ്റ്റ് ചെയ്തു. വിവാദങ്ങൾക്ക് ശേഷം ശനിയാഴ്ചയാണ് സന്ദേശം പോസ്റ്റ് ചെയ്തത്. ഉപകരണമോഷണത്തിൽ തന്നെ കുടുക്കാൻ ശ്രമിക്കുന്നതായും സംഘടന സഹായിക്കണമെന്നും ഡോക്ടർ ഹാരിസ് അഭ്യർഥിച്ചത് ഇതേ ഗ്രൂപ്പിൽ ആണ്. വിഷയം സംബന്ധിച്ച് ഗ്രൂപ്പിൽ ചർച്ച നടക്കുമ്പോൾ ഭരണത്തിലുള്ളവർ ഗ്രൂപ്പിൽ ഉണ്ടെന്നതിൽ അംഗങ്ങൾ പലരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് സംഘടന നിലപാട് കടുപ്പിച്ചത്.
കേരളം കൂടെനിന്നു, പക്ഷേ ചില സഹപ്രവര്‍ത്തകര്‍ കുടുക്കാന്‍ നോക്കി. വെള്ളിത്തുട്ടുകള്‍ക്കായി മരണത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു. അവര്‍ക്ക് കാലം മാപ്പുനല്‍കട്ടെ എന്ന് ഡോ. ഹാരിസ്. കെജിഎംസിടിഎ വാട്സാപ് ഗ്രൂപ്പിലാണ് സന്ദേശം.