ആലുവ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ട്രെയിൻ ഗതാഗത നിയന്ത്രണം ഇന്നും തുടരും. ഇരുദിശകളിലേക്കുള്ള പാലക്കാട്- എറണാകുളം മെമു സർവീസ് ഇന്നും റദ്ദാക്കി. വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സമയത്തിലും മാറ്റമുണ്ട്. മംഗളൂരു-തിരുവനന്തപുരം വന്ദേ ഭാരത് 25 മിനിറ്റും തിരുവനന്തപുരത്തുനിന്ന് വൈകിട്ട് 4.05ന് മംഗളൂരുവിലേക്ക് പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ് 10 മിനിറ്റും വൈകിയോടും. ഇൻഡോർ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഒന്നേകാൽ മണിക്കൂറും സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസ് അരമണിക്കൂറും കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് ഒന്നേകാൽ മണിക്കൂറും വൈകും.
ഗുരുവായൂരിൽ നിന്ന് രാത്രി 11. 15ന് പുറപ്പെടുന്ന ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സ്പ്രസ് 10, 12, 15, 17, 19 തീയതികളിൽ കോട്ടയം വഴി തിരിച്ചുവിടും. എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ സ്റ്റേഷനുകൾ ഒഴിവാക്കി കോട്ടയത്തും ചെങ്ങന്നൂരും അഡീഷനൽ സ്റ്റോപ്പുകൾ അനുവദിച്ചു. ട്രെയിൻ സർവീസുകളിലെ സമയമാറ്റം നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിലൂടെ യാത്രക്കാർ പരിശോധിക്കണമെന്ന് റെയിൽവേ അറിയിച്ചു.